ജനുസ്സുകള്‍ക്ക് അംഗീകാരം നല്‍കുന്ന ദേശീയ സ്ഥാപനമായ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സ് 2015 ലാണ് തലശ്ശേരി കോഴികളെ ജനുസ്സായി പ്രഖ്യാപിച്ചത്. തലശ്ശേരിയിലെ പ്രാദേശിക പ്രദേശങ്ങളിലായി ഉത്ഭവിച്ചതിനാലാണ് ഈ കോഴികള്‍ക്ക് തലശ്ശേരി കോഴികള്‍ എന്ന് പേര് വന്നത്. നീല കലര്‍ന്ന കറുപ്പ് നിറത്തിലാണ് ഇവയുടെ തൂവലും വാലിൻ്റെ അഗ്രഭാഗമെങ്കിലും കാക്ക കറുപ്പിൻ്റെ അഴക് നിറഞ്ഞ മേനിയാണ്.
എന്നാല്‍ മറ്റ് ചിലതില്‍ കഴുത്തില്‍ മഞ്ഞയും നീലയും ഇടകലര്‍ന്ന തിളക്കമാണ്. കണ്ണിന് ചുറ്റും കറുപ്പ് കലര്‍ന്ന ചുവപ്പ് നിറമാണ്. തവിട്ട് കലര്‍ന്ന കറുപ്പ് നിറമുള്ള കൊക്കുകളും ഇവയുടെ പ്രത്യേകതയാണ്. തൂവലുകളില്ലാത്ത തവിട്ട് കലര്‍ന്ന കറുപ്പു നിറത്തിലാണ് കാലുകള്‍. വിടര്‍ന്ന് നില്‍ക്കുന്ന പൂവന്‍ കോഴികളുടെ തലയിലെ പൂവിനും കറുപ്പ് നിറമാണ്. കണ്ടാല്‍ കരിങ്കോഴികള്‍ക്ക് സമാനമാണെന്ന് തോന്നുമെങ്കിലും തലശ്ശേരി കോഴികള്‍ വ്യത്യസ്തരാണ്. എണ്ണകറുപ്പുള്ള ഈ തലശ്ശേരി കോഴികളാണ് കോഴി ജനുസുകളില്‍ തന്നെ കേരളത്തിൻ്റെ അഭിമാനം.
advertisement