മുഖത്ത് ചായം തേച്ച് കൈതനാര് കൊണ്ട് മുടിവച്ച് കിരീടം ചൂടി ആടയാഭരണങ്ങളണിഞ്ഞാണ് ഓണപ്പൊട്ടൻ്റെ വരവ്. കൈയ്യിലെ മണി കിലുക്കി തൻ്റെ വരവ് നാടിനെയാകെ അറിയിക്കും. കോലം കെട്ടിയാല്‍ ദൈവത്തിൻ്റെ പ്രതിരൂപമാണ് ഓണപ്പൊട്ടന്‍. വീട് വീടാന്തരം കയറി, അരിയും ദക്ഷിണയും സ്വീകരിച്ചാണ് ഓണപ്പൊട്ടൻ്റെ മടക്കം. കുട്ടികളോട് കളിച്ചും ഉല്ലസിച്ചും എത്തുന്ന ഓണേശ്വരന്‍ വേഷം അണിഞ്ഞ് കിരീടം വച്ച് കഴിഞ്ഞാല്‍ ആരോടും സംസാരിക്കില്ല.
advertisement
ജാതിയോ മതമോ നോക്കാതെ എല്ലാ വീട്ടിലും ഓണപ്പൊട്ടന്‍ എത്തും. ഓണപ്പൊട്ടൻ്റെ വേഷം കെട്ടുന്ന ആള്‍ അത്തം മുതല്‍ തിരുവോണം വരെ വ്രതം അനുഷ്ഠിക്കണം. വേഷം കെട്ടുന്നതിൻ്റെ തലേന്നാള്‍ ഒരു നേരം മാത്രം അരിയാഹാരം കഴിച്ചാണ് ഓണപ്പൊട്ടന്‍ വേഷധാരിയാകുന്നത്.
ഓണപ്പൊട്ടന്‍ വീട്ടിലെത്തിയാല്‍ ഐശ്യര്യമെന്നാണ് മലബാറുകാരുടെ വിശ്വാസം. ഓരോ പ്രദേശങ്ങളിലും ഒന്നിലധികം ഓണപ്പൊട്ടന്മാരുണ്ടാകും. ഈ ഓണനാളുകളിലും മണി കിലുക്കി വീടു വീടാന്തരം ഓണപ്പൊട്ടന്മാര്‍ വരികയാണ്.