ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ഒന്നാണ് ആര്യപൂങ്കന്നി, ആരിയക്കര ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായാണ് ആര്യപ്പൂങ്കന്നി ജനിച്ചത്. മംഗല്യത്തിനു അണിയുവാന്‍ പവിഴ മുത്തുകള്‍ പോരാതെ വന്നപ്പോള്‍ സഹോദരന്മാരോടൊപ്പം മരക്കലത്തില്‍ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്ക്കിടയില്‍ കൊടുങ്കാറ്റില്‍ പെട്ട് മരക്കലം തകര്‍ന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്ക്കടുത്തു.
എന്നാല്‍ തൻ്റെ സഹോദരന്മാരെ കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ആര്യപ്പൂങ്കന്നി കടല്‍ക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്ക്കിടയില്‍ കടലില്‍ കണ്ട മരക്കലത്തില്‍ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു. എന്നാല്‍ മുഹമ്മദീയനായ കപ്പിത്താന്‍ ബപ്പിരിയന്‍ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാന്‍ സമ്മതിച്ചില്ല. പകരം പരിഹസിച്ചുകൊണ്ട് വെള്ളത്തിനു മുകളില്‍ കൂടി നടന്നു വന്നാല്‍ മരക്കലത്തില്‍ കയറ്റാമെന്നു പറഞ്ഞത്രേ. ദേഷ്യത്താല്‍ ആര്യപൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരല്‍ക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോള്‍ കടല്‍വെള്ളം മരക്കലം വരെ ഒഴിഞ്ഞു കൊടുത്ത് ദേവിയ്ക്ക് വഴിയൊരുക്കിയത്രേ. അങ്ങനെ ഭഗവതി തൻ്റെ സഹോദരങ്ങളെ കണ്ടെത്തിയെന്ന് ഐതീഹ്യം.
advertisement
ഭഗവതിയുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്നത് കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ്. ഭഗവതി കൂരാങ്കുന്നില്‍ നിന്നും മറ്റു ദേശങ്ങളിലേക്കും എഴുന്നള്ളി അവിടങ്ങളില്‍ സ്ഥാനം നേടിയെന്നാണ് പുരാവൃത്തം. വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്. കോടിയേരി പുന്നോലക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ അണിഞ്ഞൊരുങ്ങി എത്തിയ ആര്യ പൂങ്കന്നി ഭഗവതിയുടെ കളിയാട്ടം കണ്ട് നിന്നവരില്‍ ആവേശമായി. ആര്യ പൂങ്കന്നി ഭഗവതി തെയ്യത്തിന് പുറമേ നാഗകന്നി തിറ, ഗുളികന്‍, ശാസ്തപ്പന്‍, കാരണവര്‍, ഘണ്ഠകര്‍ണന്‍ വിഷ്ണുമൂര്‍ത്തി ദേവതകളുടെ തെയ്യപ്പുറപ്പാടും നടന്നു. തെയ്യക്കോലങ്ങള്‍ കാണാൻ ക്ഷേത്രത്തിലെത്തിയത് നിരവധി പേരാണ്...