മാടായിക്കാവിലും പരിസരപ്രദേശങ്ങളിലുമാണ് മാരി തെയ്യങ്ങൾ കെട്ടുക. പുലയ-മലയ സമുദായത്തിൽപ്പെട്ടവർക്കാണ് ഈ തെയ്യം കെട്ടാനുള്ള അധികാരം. മാരിത്തെയ്യങ്ങൾ നാടിനും നാട്ടുകാർക്കും ബാധിച്ച ശനിയൊഴിപ്പിച്ച് ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം. മഹാമാരികളെ ആട്ടിയകറ്റാൻ മാടായിക്കാവ് ശ്രീ തിരുവർക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും കെട്ടിപുറപ്പെടുന്ന തെയ്യങ്ങൾ മാടായിക്കാവ് പരിസരത്തെ വീടുകൾതോറും കയറിയിറങ്ങും.
പൊയ്മുഖവും കുരുത്തോല കൊണ്ടുള്ള ഉടയാടകളും ആടയാഭരണങ്ങളും അണിഞ്ഞെത്തുന്ന തെയ്യം തുടിതാളത്തിന്‍റെ അകമ്പടിയോടെയാണ് പുറപ്പെടുക. ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ പ്രീതിപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അതൊടെ മനുഷ്യർ ദുരിതങ്ങളിൽ നിന്നും പീഡകളിൽ നിന്നും വിമുക്തരാകുമെന്നാണ് ചൊല്ല്.
advertisement
പൊന്നിന്‍ ചിങ്ങത്തിന് നല്ലൊരു തുടക്കമുണ്ടാക്കുകയാണ് മാരി തെയ്യങ്ങൾ ചെയ്യുന്നത് എന്നാണ് വിശ്വാസം. ഭക്തിയുടെ നിറവില്‍ മാടായി കാവില്‍ ഉറഞ്ഞാടിയ മാരി തെയ്യങ്ങള്‍ കാണാൻ നൂറുകണക്കിനാളുകളാണ് മാടായി കാവിലെത്തിയത്. മണിയും തുടിയും കൊട്ടി ശബ്ദമുണ്ടാക്കി എത്തുന്ന മാരിതെയ്യത്തെ കാണാൻ വൻ ജനാവലി തന്നെ കാവിൽ കാത്തിരുന്നു. ഉച്ചയ്ക്ക് 12.20 വിശേഷാൽ പ്രസാദ പായസം നൽകുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. നാടിനൊന്നാകെ ഐശ്വര്യം ഏകിയാണ് മാരി തെയ്യങ്ങൾ പടിയിറങ്ങിയത്.