കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 26ാം തവണയും വിജയത്തുടര്‍ച്ചയുമായി എസ്എഫ്‌ഐ. 5 ജനറല്‍ സീറ്റുകളില്‍ എസ്എഫ്‌ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. നന്ദജ് ബാബുവാണ് ചെയര്‍പേഴ്‌സണ്‍. എം ദില്‍ജിത്ത് വൈസ് ചെയര്‍പേഴ്‌സണായും അല്‍ന വിനോദ് വൈസ് ചെയര്‍പേഴ്‌സണായും ലേഡി സെക്രട്ടറിയായി കവിത കൃഷ്ണനും ജോയിന്റ് സെക്രട്ടറിയായി അധിഷ കെയും തിരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂര്‍ എക്‌സിക്യൂട്ടീവിലും എസ്എഫ്‌ഐക്കാണ് വിജയം. എന്നാല്‍ കാസർഗോഡ് ജില്ലാ എക്‌സിക്യൂട്ടീവിലും വയനാട് ജില്ലാ എക്‌സിക്യൂട്ടീവിലും യുഡിഎസ്എഫ് വിജയിച്ചു. കാസർഗോഡ് നിന്നും വിജയിച്ച ഫിദ എംടിപി ഒരു വോട്ടിനാണ് വിജയിച്ചത്. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മുഹമ്മദ് നിഹാല്‍ വിജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. കഴിഞ്ഞ തവണ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയായിരുന്നു വിജയിച്ചത്.
advertisement
തിരഞ്ഞെടുപ്പിനിടെ ക്യാംപസില്‍ വലിയ സംഘർഷമാണ് നടന്നത്. എസ്എഫ്ഐ സ്ഥാനാർത്ഥി ഒരു യുയുസിയുടെ ബാഗ് തട്ടി പറിച്ചോടി എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വൻ സംഘർഷമുണ്ടായി. എസ്എഫ്ഐ ജോയിൻ സെക്രട്ടറി സ്ഥാനാർത്ഥി അധിഷയെ പൊലീസ് പിടിച്ചു വെച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. എസ്എഫ്ഐ സ്ഥാനാർത്ഥിയെ പ്രവര്‍ത്തകരെത്തി പൊലീസിന്റെ പക്കൽ നിന്നും മോചിപ്പിച്ചു. എംഎസ്എഫ് പറയുന്നത് പൊലീസ് അനുസരിക്കുന്നുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
സംഘർഷത്തിൽ എസ്എഫ് ഐ - യു ഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. യുഡിഎസ്എഫ് കള്ളവോട്ടിന് ശ്രമിച്ചു എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചിരുന്നു. എസ്എഫ്ഐ പ്രവർത്തകരും പൊലീസും മർദിച്ചെന്ന് യുഡിഎസ് എഫ് പ്രവർത്തകരും ആരോപണം ഉന്നയിച്ചു.