ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻ്റും തലശ്ശേരിയിലെ ക്രോക്കറി വ്യാപാരിയുമായ സൈദാര്‍പള്ളിയിലെ സി.സി.ഒ. നാസറിൻ്റെ മകൻ്റെ വിവാഹവിരുന്നില്‍ ക്ഷണിക്കപ്പെട്ടെത്തിയ ഒരു കൂട്ടം സുഹൃത്തുകള്‍. അവര്‍ ഒത്തു ചേര്‍ന്നതാണ് സൈദാര്‍പ്പള്ളിയിലെ 'അറീന്‍' വീട്.
നാസറിൻ്റെ മകന്‍ നിഹാല്‍ നാസറും പെരിങ്ങാടിയിലെ എന്‍.കെ. അഫ്സലിൻ്റെ മകള്‍ ആമിനാ അഫ്സലും തമ്മിലുള്ള വിവാഹം ഞായറാഴ്ച്ചയായിരുന്നു. കല്യാണത്തിന് ആളുകള്‍ കൂടുമ്പോഴുള്ള തിരക്ക് ചക്രക്കസേരയിലെത്തുന്ന തൻ്റെ കൂട്ടുകാര്‍ക്ക് ബുദ്ധിമുട്ടാകാന്‍ പാടില്ലെന്നതിനാല്‍ വിരുന്ന് നാസര്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി. പരിമിതികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന, പലകാരണങ്ങളാല്‍ ചക്രക്കസേരയെ ആശ്രയിക്കുന്ന ഒരുകൂട്ടം ആളുകളാണ് വിരുന്നിന് സാക്ഷിയായത്. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തിയുള്‍പ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60-ഓളം അംഗങ്ങള്‍ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ ചക്രക്കസേരയില്‍ എത്തി.
advertisement
25 വര്‍ഷം മുന്‍പാണ് വീടുപണിക്കിടെ വീണ് നാസർ അപകടത്തില്‍പ്പെടുന്നതും പിന്നീട് വീല്‍ചെയറിലാകുന്നതും. എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളുടെ ശാരീരിക അവശതകളെ മറികടന്ന് മുന്നോട്ട് പോകാന്‍ തയ്യാറാകുന്ന നിശ്ചയദാര്‍ഢ്യമായിരുന്നു വിരുന്നിലെ ഓരോ മുഖങ്ങളിലും.