നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലുമാണ് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രന് എതിരെ കർശനമായ നിയമ നടപടികൾക്ക് കാസർകോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാർശ ചെയ്തത്.
സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് ഈ വ്യക്തിക്കെതിരെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ കേസാണ്.
2023 ആഗസ്തില്‍ ജില്ലയിലെ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ്, 2024 ഫെബ്രുവരിയില്‍ വി. ഭുവനചന്ദ്രന്‍ എന്നിവരും 2024 സെപ്തംബര്‍ 18ന് മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്നതിനും വകുപ്പിൽ പരാതികൾ ലഭിച്ചിരുന്നു. ആദ്യ കേസിൽ എ.ഡി.എം താക്കീത് നല്‍കി. രണ്ടാമത്തെ കേസിൽ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കി. മൂന്നാം കേസിൽ ഇയാളെ സസ്പെന്‍ഡ് ചെയ്തു.പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കി 2024 നവംബർ ഏഴിനാണ് സർവീസിൽ പുന: പ്രവേശിപ്പിച്ചത്.
advertisement
കളക്ടറുടെ പത്രക്കുറിപ്പ്
രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ ഏക മലയാളിയായ രഞ്ജിത. ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ടതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെ റവന്യൂ വകുപ്പ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. റവന്യ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരേതയായ യുവതിയെ കുറിച്ച് കമന്റ് ഇടുകയും ചെയ്തതിനാണ് സസ്‌പെന്‍ഷന്‍ ചെയ്തത്. സമൂഹമാധ്യമത്തില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തുവെങ്കിലും ഇത് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്ക് വയ്ക്കുകയും പവിത്രനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.
2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവിത്രന് എ.ഡി.എം താക്കീത് നല്‍കിയിരുന്നു.
2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തപെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശന താക്കീത് നല്‍കിയിരുന്നു.
തുടര്‍ന്ന് പവി ആനന്ദാശ്രമം എന്ന ഫേസ്ബുക്ക് ഐ.ഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി 2024 സെപ്തംബര്‍ 18ന് സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കുകയും 2024 നവംബർ ഏഴിന് സർവീസിൽ പുന: പ്രവേശിക്കുകയും ചെയ്തിരുന്നു.
നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലും പവിത്രൻ സര്‍വീസില്‍ തുടരുന്നതിന് പ്രാപ്തനല്ല എന്ന് ബോധ്യപ്പെട്ടതിനാലും കർശനമായ നിയമ നടപടികൾക്ക് കാസർകോട് ജില്ലാ കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാർശ്ശ ചെയ്തു.
Summary : kasargod district collector recommends severe punishment against revenue official who made derogatory remarks against ahmedabad plane crash victim renjitha as he is not eligible to continue in service