ഒന്നാം സ്ഥാനം നേടിയ ടീമിന് സമ്മാനങ്ങൾക്കു പുറമേ കേരള നിയമസഭയിൽ മുഴുനീള യൂത്ത് പാർലമെന്‍റ് അവതരിപ്പിക്കാനും മുഖ്യമന്ത്രിയോടൊത്ത് പ്രാതൽ സംഭാഷണത്തിനും അവസരം ലഭിക്കും.
വെള്ളരിക്കുണ്ടിലെ ദർശന ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ യഥാർത്ഥ പാർലമെന്റിന്റെ സമ്പൂർണ നടപടിക്രമങ്ങൾ ഉൾപ്പെടുത്തി 90 മിനിറ്റ് നീണ്ട യൂത്ത് പാർലമെന്റ് അവതരണമാണ് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അമ്പതിലധികം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചത്. പ്രസിഡന്റിന്റെ പ്രസംഗം, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, ചരമോപചാരം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം, പ്രസിഡന്റിന്റെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം, സഭയുടെ മേശപ്പുറത്ത് രേഖകളുടെ സമർപ്പണം, കമ്മിറ്റികളുടെ റിപ്പോർട്ട് അവതരണം, നിയമനിർമ്മാണ ബിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ഘട്ടങ്ങൾ എന്നിവ അതീവ കൃത്യതയോടെയും ശാസ്ത്രീയമായും അവതരിപ്പിച്ചതാണ് ഒന്നാം സ്ഥാനത്തിന് അർഹരാക്കിയത്.
advertisement
കുട്ടികളിലും യുവജനങ്ങളിലും ജനാധിപത്യ മൂല്യങ്ങളും പാർലമെന്ററി സംവിധാനങ്ങളുടെ പ്രവർത്തനരീതികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്കൂളുകൾ പങ്കെടുത്തു. ശക്തമായ വിഷയാവതരണവും സഭാ നടപടികളിലെ വ്യക്തതയും ആത്മവിശ്വാസത്തോടെ നടത്തിയ വാഗ്മിത്വവുമാണ് സെന്റ് ജൂഡ്സ് ടീമിനെ മറ്റ് മത്സരാർത്ഥികളിൽ നിന്ന് മുന്നിലെത്തിച്ചത്.
വിജയത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ വിദ്യാർഥികളെ അഭിനന്ദിച്ചു. തലശ്ശേരി അതിരൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ റവ. ഫാ. സോണി വടശ്ശേരി, സ്കൂൾ മാനേജർ വെരി. റവ. ഡോ. ജോൺസൺ അന്ത്യാംകുളം, പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് കെ. പീറ്റർ, സ്കൂൾ കോർഡിനേറ്റർ റിൻസി എബ്രഹാം, എഫ്.ഡി.എസ്.ജെ ജില്ലാ കോർഡിനേറ്റർ സിജോ ജെ. അറക്കൽ എന്നിവർ വിദ്യാർഥികളുടെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ചു.
ജനാധിപത്യ ബോധവും ഉത്തരവാദിത്വബോധവും ഉള്ള നാളെയുടെ പൗരന്മാരെ വളർത്തുന്നതിലേക്കുള്ള ശക്തമായ ചുവടുവെപ്പാണ് ഈ വിജയം എന്ന് അധ്യാപകരും സംഘാടകരും അഭിപ്രായപ്പെട്ടു.
