കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ഇന്നേക്ക് നാല് വർഷം . 59 പേരുടെ ജീവനെടുത്ത നിലമ്പൂർ കവളപ്പാറ ഭൂ ദാനം മണ്ണിടിച്ചിൽ ദുരന്തം നാടിനും നാട്ടുകാരിലും തീർത്ത മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.
ദുരന്ത രാത്രിയുടെ ഓർമയിൽ
2019 ഓഗസ്റ്റ് 08 തോരാ മഴയുടെ പകലിൽ പുഴകളും തോടുകളും എല്ലാം നിറഞ്ഞൊഴുകിയ ദിവസം. രാത്രി 8 മണിയോടെ മുത്തപ്പൻ മലയുടെ ഒരു ഭാഗം അടർന്ന് താഴേക്ക് മിന്നൽ വേഗത്തിൽ കുത്തിയൊലിച്ചു വന്ന് ഒരു ഗ്രാമത്തെ ഇല്ലാതാക്കി. സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി പിറ്റേന്ന് രാവിലെ മാത്രമാണ് എല്ലാവരും അറിഞ്ഞത്. വൈദ്യുതിയും മൊബൈൽ നെറ്റ്‌വർക്കും നഷ്ടമായത് കൊണ്ട് ദുരന്തം പുറംലോകം അറിയാൻ വൈകി. ഇവിടേക്കുള്ള വഴികളെല്ലാം മലവെള്ളം മൂടിയതിനാൽ പിറ്റേന്ന് ഉച്ചയോടെയാണ് രക്ഷാ പ്രവർത്തകർക്ക് ഇവിടേക്ക് എത്താനായത്.
advertisement
4 വർഷങ്ങൾക്ക് ഇപ്പുറം ഈ ദിനം വീണ്ടുമെത്തുമ്പോൾ സാഹചര്യങ്ങൾ ഏറെ മാറി. മുത്തപ്പൻ കുന്നിന് പരിസരത്തുള്ള 143 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സഹായ ഹസ്തങ്ങൾ നീട്ടി മനുഷ്യ സ്നേഹികൾ കവളപ്പാറയിലേക്ക് പ്രവഹിച്ചു. പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിന് ഇത് വലിയ സഹായം ആയി. 33 വീടുകൾ എം എ യൂസഫലി നിർമിച്ച് നൽകി. കേരള മുസ്ലിം ജാമാ അത്തെ, ഉജാല ഗ്രൂപ്പ്, പീപ്പിൾസ് ഫൗണ്ടേഷൻ, കോൺട്രാക്ടർമാരുടെ സംഘടന തുടങ്ങി കവളപ്പാറയിൽ പുനരധിവാസത്തിന് സഹായം ചെയ്തവർ വേറെയും ഉണ്ട്.
Also Read- ‘എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു: പിണറായി വിജയൻ
ആദിവാസി വിഭാഗക്കാരുടെ പുനരധിവാസവും പൂർത്തിയായി
ദുരന്തത്തിൽ ഏറ്റവും അധികം നഷ്ടം സംഭവിച്ചത് ആദിവാസി വിഭാഗക്കാർക്കാണ്. ഏറ്റവും അവസാനം പുനരധിവാസം നടപ്പായതും ഇവർക്ക് തന്നെ. അതിനു കോടതി ഇടപെടൽ വരെ വേണ്ടി വന്നു എന്നത് മറ്റൊരു വിഷമകരമായ അവസ്ഥ.
32 വീടുകളിൽ 27 വീടുകളുടെ നിർമാണ ചുമതലയാണ് സൊസൈറ്റി ഏറ്റെടുത്തത്. അപ്പോഴാണ് അടുത്ത പ്രതിസന്ധി. വീട് നിർമാണത്തിന് സർക്കാർ നിശ്ചയിച്ച ഫണ്ടിൽ ഒരു ഭാഗം നേരത്തെ തന്നെ ഗുണഭോക്താക്കൾക്ക് നൽകിയിരുന്നു. ഇത് വീട് നിർമാണത്തിന് അനുവദിച്ചതാണെന്ന് അറിയാതെ പലരും ചെലവഴിച്ചു. അതോടെ പലരുടെയും വീടുകളുടെ നിർമാണം പാതി വഴിയിൽ ആയി. പിന്നെ പലയിടത്ത് നിന്നും വായ്പ സംഘടിപ്പിച്ചും മറ്റുമാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.