ബജറ്റ് സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പതിവു ശൈലിയിൽ ഗണേഷ് കുമാർ ആഞ്ഞടിച്ചു. ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ മുന്നോട്ടു പോകാൻ ആകില്ലെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.
മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരെന്നും വിമർശനമുണ്ടായി. റോഡ് പ്രവൃത്തികളുടെ കാല താമസം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനെയും വിമർശിച്ചു. മന്ത്രി നല്ല ആൾ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാമർശം. മണ്ഡലങ്ങളിൽ അനുവദിക്കുന്ന പദ്ധതികളുടെ ഭരണാനുമതി പോലും നൽകുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.
advertisement
Also Read- ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു; പുതിയ നേതൃത്വം ഉടനെന്ന് വിശദീകരണം
വിമർശനം ജലവിഭവ വകുപ്പിലേക്ക് കൂടി കടന്നതോടെ സിപിഎം പാർലമെന്ററി പാർട്ടി സെക്രട്ടറി ടി പി രാമകൃഷ്ണൻ ഇടപെട്ടു. ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ചോദിച്ച ഗണേഷ് തനിക്കു പറയേണ്ട വേദിയിൽ തന്നെയാണ് കാര്യങ്ങൾ പറഞ്ഞതെന്ന് വ്യക്തമാക്കി ക്ഷുഭിതനായി. ഗണേഷ് കുമാറിന് പിന്തുണയുമായി പി വി ശ്രീനിജനും എഴുന്നേറ്റു. ചില സിപിഐ എംഎൽഎമാർ ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേർന്ന സിപിഎം എംഎൽഎമാരുടെ യോഗത്തിലും ഗണേഷിന്റെ പ്രസ്താവനയെ അനുകൂലിച്ച് ചിലർ രംഗത്തെത്തിയതായും സൂചനയുണ്ട്.