കെ സി ബി സിയുടെ ക്രിസ്തുമസ് ആഘോഷം സംബന്ധിച്ച കെ ടി ജലീലിന്റെ എഫ് ബി പോസ്റ്റ് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി സഭ വക്താവ് ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.സഭയുടെ ആഘോഷങ്ങളിൽ ആരെ ക്ഷണിക്കണമെന്നതിന് ജലീലിന്റെ ഉപദേശം വേണ്ട. ജലീലിനെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സഭ മുന്നറിയിപ്പ് നല്‍കി.
advertisement
കെസിബിസിയുടെ പ്രസ്താവന
ക്രൈസ്തവരുടെ പ്രധാന തിരുനാളായ ക്രിസ്തുമസിനോടനുബന്ധിച്ച് കെ.സി.ബി.സി യുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത മു സാദിക്കലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് മുൻ മന്ത്രി ശ്രീ കെ ടി ജലീല് മുഖപുസതകത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.
കത്തോലിക്കാ സഭയുടെ ഇത്തരം ആഘോഷങ്ങളിൽ സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങളെ ക്ഷണിക്കുന്നത് സഭയുടെ സ്വകാര്യ കാര്യമാണ്. ആരെ ക്ഷണിക്കണം എന്നും അവർ വേദി എങ്ങനെ പങ്കിടണമെന്നും പുറമെ നിന്ന് ആരും ഞങ്ങളെ ഉപദേശിക്കേണ്ടതില്ല.
സമൂഹത്തിന്റെ വിവിധ ശ്രേണിയിൽ നിന്നുള്ള പ്രമുഖരും വിവിധ മതാചാര്യന്മാരും എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള പ്രധാന വ്യക്തികളും പങ്കെടുത്ത വിശിഷ്ടമായ ഒരു ആഘോഷത്തിന്റെ ചൈതന്യത്തെ ഇല്ലാതാക്കും വിധം കാപട്യം നിറഞ്ഞ വാക്കുകളോടെ വക്രീകരിച്ച് മുഖപുസ്തകത്തിൽ കുറിപ്പ് എഴുതിയ ശ്രീ കെ.ടി ജലീലിന്റെ പ്രവൃത്തി അപലപനീയവും സാംസകാരിക കേരളത്തിന് അപമാനവുമാണ്.
കത്തോലിക്കാസഭയുടെ പൊതു സ്വീകാര്യത ശ്രീ ജലീലിനെ പോലെയുള്ളവർക്ക് അസഹിഷ്ണുതക്ക് കാരണമാകുന്നുണ്ടെങ്കിൽ അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.