കർക്കശ്യമുള്ള പാർട്ടി സെക്രട്ടറിയിൽ നിന്ന് ജനകീയനായ നേതാവിലേക്കുള്ള പരിണാമ കാലമായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ട് പിണറായി വിജയന് . മുഖം നോക്കാതെ പറയേണ്ടതു പറയുന്ന പിണറായി ഒരുപോലെ ആരാധകരെയും വിമർശകരെയും സൃഷ്ടിച്ചു. വിമർശനങ്ങൾ കാര്യമാക്കാതെ നിലപാടിൽ ഉറച്ചുനിന്നു കയ്യടി നേടി.
2016 ൽ വിഎസിന്റെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരു പേരില്ലായിരുന്നു സിപിഎമ്മിന്. ഒരുതവണകൂടി മുഖ്യമന്ത്രിയാകാൻ മോഹിച്ച വിഎസിനെ കൊണ്ട് തന്നെ പാർട്ടി പിണറായിയുടെ പേര് പറയിച്ചു. പിന്നെ സർക്കാരിലും സിപിഎമ്മിലും പിണറായിക്കാലം. പ്രളയവും കോവിഡും പിണറായി എന്ന മുഖ്യമന്ത്രിയുടെ കരുതൽ കേരളം അറിഞ്ഞ നാളുകളായിരുന്നു. പി ആർ എക്സർസൈസ് എന്ന് എതിരാളികൾ വിമർശിച്ചെങ്കിലും അണികളും ആരാധകരും പിണറായിക്ക് ചാർത്തി നൽകിയത് കേരളത്തിൻറെ ക്യാപ്റ്റൻ പട്ടം.
advertisement
വ്യക്തിപരമായും രാഷ്ട്രീയമായും നിരവധി പരീക്ഷണങ്ങളാണ് ഈ ഘട്ടത്തിൽ പിണറായി നേരിട്ടത്. എല്ലാം മറികടന്ന് തുടർഭരണം എന്ന അത്ഭുതം കൂടി സൃഷ്ടിച്ചതോടെ പിണറായി കേരള രാഷ്ട്രീയത്തിലെ നമ്പർ വൺ നേതാവായി ഉയർന്നു. അണികളുടെ ആശയും ആവേശവുമായി.
ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി മെട്രോ, വാട്ടർ മെട്രോ, ഇടമൺ കൊച്ചി പവർ ഹൈവേ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത . അസാധ്യം എന്ന് എഴുതിത്തള്ളിയ പദ്ധതികൾ ഒന്നൊന്നായി യാഥാർത്ഥ്യമായി. വികസന നായകനെന്നും നിശ്ചയദാർഢ്യത്തിന്റെ ആൾരൂപം എന്നും അണികൾ വാഴ്ത്തിപ്പാടി .
പിണറായി സ്തുതികളുമായി തിരുവാതിരയും സംഘഗാനവും ഡോക്യുമെൻറുകളും നിർമ്മിക്കപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിലും ഇടതു മുന്നണിയെയും സിപിഎമ്മിനെയും ആര് നയിക്കുമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം. പിണറായി വിജയൻ. 82 വയസ്സിലാണ് വിഎസ് അച്യുതാനന്ദൻ കേരളത്തിൻറെ മുഖ്യമന്ത്രിയായത്. അടുത്ത മെയിൽ പിണറായിക്ക് എൺപത്തിയൊന്ന് തികയും . ടീം എൽഡിഎഫിനെ ഹാട്രിക് വിജയത്തിലേക്കു നയിക്കാൻ ക്യാപ്ടനു കഴിയുമോ? കഴിഞ്ഞാൽ ആർക്കും എത്തിപ്പിടിക്കാനാകാത്ത രാഷ്ട്രീയ ഉയരത്തിൽ ആകും പിണറായി വിജയൻറെ ഇരിപ്പിടം.