27 കോടി ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ആഘോഷത്തിന്‍റെ സമാപനത്തിന് പിറ്റേന്നായിരുന്നു നിത്യചെലവിന് കാശില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്.കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കെഎസ്ആർടിസിയെ നിരന്തരം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു കോടതിയെ അറിയിച്ചു. എന്നാൽ, കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷൻ നവംബർ 30-നകം പൂർണമായും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീഫ് സെക്രട്ടിയും ട്രാൻസ്പോർട്ട് സെക്രട്ടറിയും അന്ന് വീണ്ടും ഓൺലൈൻ വഴി കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
advertisement
കെഎസ്ആർടിസി ജീവനക്കാരുടെ സെപ്റ്റംബറിലെ പെൻഷൻ ഇതിനോടകം നൽകിയെന്നും ഒക്ടോബറിലേത് നവംബർ 30-നകം നൽകുമെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. പെന്‍ഷന്‍ വിതരണം എന്തിനാണ് ഇങ്ങനെ വൈകിപ്പിക്കുന്നതെന്ന് കോടതി ചോദിക്കവെയാണ് സർക്കാരിന്റെ സാമ്പത്തിക അവസ്ഥ മോശമാണെന്നും ദൈനംദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചത്.
