കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിനു പിന്നാലെയാണ് പി.സി തോമസ് കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയത്. എന്നാൽ ഉപാധികളില്ലെങ്കിൽ മുന്നണി പ്രവേശനം അനുവദിക്കാമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഇതിനോട് അനുകൂലമായ പ്രതികരണമാണ് പി.സി തോമസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജോസ് കെ. മാണിയുടെ അഭാവത്തിൽ മധ്യതിരുവിതാംകൂറിലുണ്ടായ ക്ഷീണം തോമസിന്റെ വരവോടെ നികത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
Also Read ഇടതു മുന്നണിയിലെ ജോസിനെ കൈയ്യൊഴിഞ്ഞ് കൂടുതൽ നേതാക്കൾ; ഇ.ജെ ആഗസ്തി ജോസഫ് പക്ഷത്തേക്ക്
advertisement
തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാമെന്നതാണ് പി.സി തോമസ് കോൺഗ്രസ് നേതാക്കളുമായി ഉണ്ടാക്കിയിരിക്കുന്ന പ്രഥമിക ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകാമെന്ന വാഗ്ദാനവും കോൺഗ്രസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ബോർഡ്, കോർപറേഷൻ ഉൾപ്പെടെ വാഗ്ദാനം ചെയ്ത സ്ഥാനങ്ങളൊന്നും ബി.ജെ.പി നൽകിയില്ലെന്നും യു.ഡി.എഫ് പ്രവേശനം പരിഗണനയിലാണെന്നും പി.സി തോമസ് കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. മുന്നണി വിടുന്നതിന്റെ സൂചനയാണ് ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ പി.സി തോമസ് എന്.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച് പാർലമെന്റ് അംഗമായി വ്യക്തി കൂടിയാണ്. കേരള കോൺഗ്രസ് വിട്ടതിനു പിന്നാലെയാണ് 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി രണ്ടു ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്തിയത്.
കെ എം മാണിക്കെതിരായ അഴിമതി ആരോപണങ്ങളുടെ പേരിലാണ് എതിർപ്പുയർത്തിയ കേരള കോൺഗ്രസിലെ ഒരു വിഭാഗം ജനാധിപത്യ കേരള കോൺഗ്രസിന് രൂപം കൊടുത്തതും എൽഡിഫിലെത്തിയതും. എന്നാലിപ്പോൾ ജോസിന്റെ നേതൃത്വത്തിൽ മാണിയുടെ പാർട്ടി തന്നെ എൽഡിഎഫിലെത്തിയതോടെ ജനാധിപത്യ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലനിൽപുതന്നെ ഇല്ലാതെയായി. യുഡിഎഫിലാകട്ടെ ഇപ്പോൾ രണ്ട് കേരള കോൺഗ്രസ് മാത്രമാണുള്ളത്.