'വര്‍ധിച്ചുവരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ നിലയില്‍ നിറവേറ്റാന്‍ നിലവിലെ റെയില്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നത് അർധ അതിവേഗ പാതയുടെ നിർമാണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുവെന്നത് പരിഗണിക്കണം. നിലവിലുള്ള റെയില്‍ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തലിനായുള്ള പദ്ധതികളും വേണം. കൂടുതല്‍ എകസ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു'- ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചു.
ഈവര്‍ഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളില്‍ എടുത്ത വായ്പ ഈവര്‍ഷത്തെയും അടുത്തവര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര- സംസ്ഥാന നികുതി പങ്ക് വയ്ക്കല്‍ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങളും സംസ്ഥാനം ഉന്നയിച്ചു.
advertisement
കേന്ദ്ര ബജറ്റില്‍ 5000 കോടി രൂപയുടെ 'വിസില്‍ പാക്കേജ്' പ്രഖ്യാപിക്കണം. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും അടിയന്തരമായി 5000 കോടി രൂപ വേണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തില്‍നിന്ന് 75 ശതമാനമായി ഉയര്‍ത്തണം.
ഭക്ഷ്യസുരക്ഷാ പദ്ധതിക്കുകീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍ വ്യാപരികളുടെ കമ്മീഷനും വര്‍ധിപ്പിക്കണം. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണം. എന്‍എസ്എപിയിലെ ക്ഷേമ പെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മ്മാണ പദ്ധതികളിലെ കേന്ദ്ര സര്‍ക്കാര്‍ വിഹിതം തുടങ്ങിയവയും ഉയര്‍ത്തണം.
എയിംസ്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ട് തുടങ്ങിയ ഈ ബജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളും യോഗത്തില്‍ മുന്നോട്ടുവെച്ചു.