വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടുന്നതിനെ പ്രതിപക്ഷം വലിയതോതില്‍ വിമര്‍ശിക്കുന്നതിനിടെയാണ് സംഘാടനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പിനാണ്. പ്രചരണ പരിപാടികളുടെ മേല്‍നോട്ട ചുമതല പിആര്‍ഡിയെ ഏല്പിച്ചു. 10, 11, 12 തീയതികളില്‍ ജില്ലകളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപം നല്‍കും.
advertisement
വനിതാ മതിലിന്റെ സംഘാടക സമിതിയില്‍ സ്ത്രീകള്‍ ഇല്ലെന്ന പരാതിക്കും പരിഹാരമായി. ഇന്നലെ ചേര്‍ന്ന സംഘാടക സമിതി യോഗം വനിതകളെ മാത്രം ഉള്‍പ്പെടുത്തി 21 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. തീയതി മാറ്റണമെന്ന കാര്യത്തില്‍ ഇന്നത്തെ സംഘാടക സമിതിയില്‍ അന്തിമ തീരുമാനമാകുമെന്നാണ് സൂചന. തീയതി മാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ശിവഗിരി തീര്‍ഥാടനത്തെ ബാധിക്കാത്ത തരത്തില്‍ നടത്താനാണ് ആലോചന.
വനിതാ മതിലിന്റെ ഭാഗമാകാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ന്യൂസ് 18 നോടു പറഞ്ഞു. വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് എസ്എന്‍ഡിപിയുടെ കടമയും ബാധ്യതയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 620 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലില്‍ 35 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് ആലോചന. വനിതാ മതിലിന്റെ ലോഗോ പ്രകാശനം ഇന്നു നടക്കും.
