TRENDING:

Governor | പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർ

Last Updated:

'കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തന്‍റെ പേഴ്സണൽ സ്റ്റാഫിൽ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ മന്ത്രിമാരുടെ പേഴ്ശണൽ സ്റ്റാഫിൽ ഇരുപതിൽ അധികം പേരുണ്ട്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 1223. ഇത് 2019 ജൂലൈ ഒന്നുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ കണക്ക് കൂടി എടുത്താൽ പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 1500ൽ കൂടുതലായിരിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപ രണ്ടര വർഷം സർവീസുള്ളവർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. 3550 രൂപയും ഏഴു ശതമാനം ഡിഎയും ഗ്രാറ്റുവിറ്റിയ്ക്കും അർഹതയുണ്ട്. കൂടിയ പെൻഷൻ 84000 രൂപയാണെങ്കിലും മന്ത്രിമാരോടൊപ്പം 30 വർഷം ജോലി ചെയ്യണമെന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ പരമാവധി പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ ആരുമില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമായി ബിജെപി മുൻ സംസ്ഥാന സമിതി അംഗം ഹരി എസ് കർത്തയെ നിയമിച്ചതിനെ തുടർന്നാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ചർച്ചയായത്. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ പ്രധാന ആവശ്യം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണം എന്നതായിരുന്നു. ഹരി എസ് കർത്തയുടെ നിയമനത്തിൽ സർക്കാർ പുറത്തിറക്കിയ വിയോജനകുറിപ്പാണ് ഗവർണറെ ചൊടിപ്പിച്ചത്.
ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
advertisement

പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള ചട്ടം 1984 ഏപ്രിൽ ഒന്ന് മുതലുള്ളതാണ്. പ്രത്യേക ചട്ടത്തിലൂടെയാണ് സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ചിട്ടുള്ളത്. കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 25 പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് എന്നിവർക്കാണ് ഏറ്റവുമധികം പേഴ്സണൽ സ്റ്റാഫ് ഉള്ളത്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നതിന് ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ വേണ്ടത് കുറഞ്ഞ സർവീസ് മൂന്ന് വർഷമാണ്. എന്നാൽ രണ്ടര വർഷമാകുമ്പോൾ മൂന്ന് വർഷം തികച്ചതായി കണക്കാക്കി പെൻഷൻ അനുവദിക്കാറുണ്ട്. ഒരു സർക്കാരിന്‍റെ അഞ്ചുവർഷ കാലാവധിയിൽ ഒരേ തസ്തികയിൽ രണ്ടുപേരെ നിയമിച്ച് പെൻഷൻ അനുവദിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റ് സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് പെൻഷൻ പ്രായം തികയുന്നതിന് മുമ്പ് തന്നെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കിട്ടിത്തുടങ്ങും. ഇവർ മറ്റ് ജോലിക്ക് പോകരുതെന്ന് ചട്ടമുണ്ടെങ്കിലും അത് ആരും പാലിക്കാറില്ല.

advertisement

പെൻഷൻ നിർത്തണം; നിലപാടിൽ ഉറച്ച് ഗവർണർ

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നത് നിർത്താലാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ജനങ്ങളുടെ നികുതിപ്പണം പേഴ്സണൽ സ്റ്റാഫുകൾ കൊള്ളയടിക്കുകയാണെന്നും ഒരുമാസത്തിനകം ഇത് അവസാനിപ്പിക്കുമെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു. പേഴ്സണൽ സ്റ്റാഫിന്‍റെ വിവരങ്ങളും ഇതുസംബന്ധിച്ച ഫയലുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നും ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാരിന് അധികാരമില്ല. അത് അംഗീകരിക്കുകയുമില്ല. അങ്ങനെ ചെയ്താൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

advertisement

Also Read- Governor | പൊതുഭരണ സെക്രട്ടറിയെ നീക്കി സർക്കാരിന്‍റെ അനുനയം; നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു

കേന്ദ്രമന്ത്രിയായിരുന്നപ്പോൾ തന്‍റെ പേഴ്സണൽ സ്റ്റാഫിൽ 11 പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ കേരളത്തിൽ മന്ത്രിമാരുടെ പേഴ്ശണൽ സ്റ്റാഫിൽ ഇരുപതിൽ അധികം പേരുണ്ട്. രണ്ടുവർഷം ജോലി ചെയ്യുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷന് അർഹതയുണ്ടെന്ന് മൂന്നുദിവസം മുമ്പ് മാത്രമാണ് താൻ അറിഞ്ഞതെന്നും ഗവർണർ പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ പദ്ധതിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.

advertisement

പെൻഷൻ മാത്രം ലക്ഷ്യമിട്ടാണ് പേഴ്സണൽ സ്റ്റാഫ് നിയമനം നടത്തുന്നതെന്നും, സംസ്ഥാന ഖജനാവിൽനിന്നാണ് ഇവർക്ക് പണം നൽകുന്നതെന്നും ഗവർണർ പറയുന്നു. പാർട്ടി കേഡർ വളർത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു സർക്കാരിന്‍റെ കാലത്ത് തന്നെ രണ്ടുവർഷത്തിന് ശേഷം പേഴ്സണൽ സ്റ്റാഫുകൾ രാജിവെക്കുകയും പകരം ആളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. രാജിവെക്കുന്നവർ പെൻഷൻ ഉറപ്പാക്കി പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പെൻഷൻ വിഹിതം നൽകാതെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Governor | പെൻഷൻ വാങ്ങുന്ന പേഴ്സണൽ സ്റ്റാഫുകൾ 1223 പേർ; പെൻഷൻ നിർത്തണമെന്ന നിലപാടിലുറച്ച് ഗവർണർ
Open in App
Home
Video
Impact Shorts
Web Stories