അരിക്കൊമ്പൻ വിഷയത്തിൽ തമിഴ്നാട് വനം വകുപ്പിനാണ് എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ നിയമപരമായ അധികാരമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സാബു എം ജേക്കബിന്റെ ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരന് വേണമെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായി ചികിത്സ നല്‍കണമെന്നുമായിരുന്നു സാബു ജേക്കബ് നല്‍കിയ ഹര്‍ജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്‍ ഇപ്പോഴുള്ളത് തമിഴ്‌നാട് വനമേഖലയിലാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതെങ്കില്‍ ആനയെ കേരളത്തിന് കൈമാറണമെന്നും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ ആവശ്യം. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി സാബു ജേക്കബിനെതിരെ നടത്തിയത്.
advertisement
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
അരിക്കൊമ്പനെ തമിഴ്‌നാട്ടിലെ ഉള്‍വനത്തിലേക്ക് തന്നെ അയക്കുമെന്നാണ് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിന്റെ ഉദ്ദേശമെന്താണെന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. തമിഴ്‌നാട് വനം വകുപ്പ് ആനയെ ഉപദ്രവിച്ചതായി പരാതിയുണ്ടോയെന്ന് സാബു ജേക്കബിനോട് കോടതി ചോദിച്ചു. കൂടാതെ അരിക്കൊമ്പന്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയാമോ എന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
അതേസമയം, ആനയെ പിടികൂടാനുള്ള മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട് പോവുകയാണ്. ഷണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് വിവരം. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.