രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും പരസ്പര സമ്മതത്തോടെ ഒരാൾക്ക് എത്ര ബന്ധങ്ങൾ വേണമെങ്കിലും ഉണ്ടാകാമെന്നും ഇതിൽ നിയമപരമായി എന്ത് തെറ്റാണുള്ളതെന്നും കോടതി ചോദിച്ചു. കേസിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച്, ഈ ആദ്യ പരാതിയിലുള്ള മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയിരിക്കുകയാണ്.
തുടക്കത്തിൽ ബന്ധം സമ്മതത്തോടെയായിരുന്നുവെങ്കിലും പിന്നീട് ബലം പ്രയോഗിച്ചുവെന്ന ആരോപണം ഗൗരവകരമാണെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതി പ്രത്യേകമായി കാണണമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ബലം പ്രയോഗിച്ചുള്ള പീഡനം നടന്നുവെന്ന ആരോപണം നിലനിൽക്കുമ്പോഴും പരാതിക്കാരി രാഹുലിനൊപ്പം പോയി താമസിച്ച കാര്യവും കോടതി എടുത്തുപറഞ്ഞു. പരാതിക്കാരിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി, നഗ്ന വീഡിയോ കൈവശം വെക്കുന്നത് മറ്റൊരു കുറ്റമാണെന്ന് അറിയിക്കുകയും രാഹുലും പരാതിക്കാരിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകൾ ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തു.
advertisement
രാഹുലിന്റെ നിർബന്ധത്താലാണ് ഗർഭച്ഛിദ്രം നടന്നതെന്ന് വാട്‌സാപ്പ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ടെന്നും കോടതി വിലയിരുത്തി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആയതിനാൽ കേസിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും പരാതിക്കാർ സൈബർ ഭീഷണി നേരിടുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
മൂന്നാമത്തെ പരാതിയിൽ നേരത്തെ, പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കേസാണിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.
