കല്ലുകൾക്കു പകരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാമൂഹിക ആഘാത പഠനം നടത്താമെന്നു സർക്കാർ തന്നെ സമ്മതിച്ച പശ്ചാത്തലത്തിൽ കല്ലുകളിടുന്നതിൽ പ്രതിഷേധിച്ചവരെ കേസ് നടപടികളുടെ പേരിൽ കഷ്ടപ്പെടുത്തണോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സർക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നാണു കോടതിയുടെ നിർദേശം. കേസുകളുടെ കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെ തുടർന്ന് ഹർജികൾ 26 നു പരിഗണിക്കാൻ മാറ്റി.
നിയമവിരുദ്ധവും ആധികാരികമല്ലാത്തതുമായ സാമൂഹികാഘാത പഠനം എതിർത്തതിന്റെ പേരിൽ പൗരൻമാർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരിക്കുകയാണെന്ന് ഹർജിക്കാർ അറിയിച്ചു. റെയിൽവേയുടെയോ കേന്ദ്രസർക്കാരിന്റെയോ അംഗീകാരം ലഭിക്കാത്ത പദ്ധതിയ്ക്കായാണ് കെ റെയിലും കേരള സർക്കാരും വൻതുക ചെലവഴിച്ചെന്നും ഖജനാവിന് അനാവശ്യ ബാധ്യതയുണ്ടാക്കിയെന്നും ഹർജിക്കാർ വിശദീകരിച്ചു.
advertisement
read also : ജനകീയ പ്രതിഷേധം; K-Rail കല്ലിടൽ നിർത്തി; സർവേ ഇനി ജിപിഎസ് വഴി
പദ്ധതിയുടെ ഡിപിആർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സാങ്കേതിക കാര്യങ്ങളിൽ ഒട്ടേറെ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ റെയിൽവേ ബോർഡിന്റെയും കേന്ദ്രസർക്കാരിന്റെയും നിലപാടിൽ എന്തെങ്കിലും പുരോഗതിയുണ്ടോയെന്ന് അടുത്ത തവണ ഹർജികൾ പരിഗണിക്കുമ്പോൾ അറിയിക്കാൻ കോടതി നിർദേശിച്ചു.
പരിഹരിക്കാത്ത ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നു കോടതി പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കുവേണ്ടിയുള്ള സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാരും കെ റെയിൽ അധികൃതരും ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. തുടർ വിജ്ഞാപനമില്ലാതെ സർവേ നടപടികൾ പുനരാരംഭിക്കില്ലെന്നും വ്യക്തമാക്കി. ഇതു ഹൈക്കോടതി രേഖപ്പെടുത്തി. കെ റെയിൽ എന്നെഴുതിയ സർവേ കുറ്റികൾ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ ഉൾപ്പെടെയാണു ഹൈക്കോടതി പരിഗണിക്കുന്നത്.