K-Rail DPR | കെ റെയിലിനായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്; ഡിപിആർ പ്രസിദ്ധീകരിച്ച് സർക്കാർ

Last Updated:

ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ഡിപിആറിൽ വ്യക്തമാക്കുന്നുണ്ട്

സിൽവർലൈൻ
സിൽവർലൈൻ
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ തിരുവനന്തപുരം-കാസർകോട് അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈനിന്‍റെ ഡിപിആർ സർക്കാർ പ്രസിദ്ധീകരിച്ചു. നിയമസഭാ വെബ്സൈറ്റിലാണ് സിൽവർലൈൻ റെയിൽവേ പദ്ധതിയുടെ ഡിപിആർ പ്രസിദ്ധീകരിച്ചത്. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ൽ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ഡിപിആർ പറയുന്നു. ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. കെ റെയിൽ പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ഡിപിആറിൽ വ്യക്തമാക്കുന്നുണ്ട്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വിനോദസഞ്ചാരികൾക്കായി പ്രത്യേക ട്രെയിൻ സംവിധാനവും കൊണ്ടുവരും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കൺ മാതൃകയിൽ റോറോ സർവീസും നിർദേശിക്കുന്നുണ്ട്. ഇതിലൂടെ ഒരുസമയം 480 ട്രക്കുകൾ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്പാശേരി എയര്പോർട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആർ വ്യക്തമാക്കുന്നുണ്ട്.
പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടും ഡിപിആറില്‍ ഉണ്ട്. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍​ഗോഡ്’ എന്നാണ് പ്രോജക്ടിന് നൽകിയിരിക്കുന്ന പേര്.
advertisement
റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയ്ക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും ഡിപിആറില്‍ പറയുന്നു.
അതേസമയം ഡി.പി.ആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡി.പി.ആര്‍ അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ്. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡി.പി.ആര്‍ തയാറാക്കുന്നത്? 530 കിലോ മീറ്റര്‍ കെ- റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡി.പി.ആറില്‍ പറയുന്നതെന്ന് പ്രതിപക്ഷനേതാവ് കൊല്ലത്ത് പറഞ്ഞു.
advertisement
കെ- റെയിലിന്റെ 55 ശതമാനം 292 കിലോ മീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍ 30 മുതല്‍ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ഇതു കോട്ടപോലെ കല്ലും മണലും വച്ച് നിര്‍മ്മിക്കണം. ബാക്കി സ്ഥലത്ത് ഇരുവശങ്ങളിലുമായി മതില്‍ പണിയണം. ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ മധ്യകേരളത്തില്‍ എവിടെയാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത്? ഡി.പി.ആറില്‍ പറയുന്നതിന് വിരുദ്ധമായാണ് ഇന്നലെ കെ -റെയില്‍ എം.ഡി സംസാരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കല്ലും മണ്ണും ട്രെയിനില്‍ കൊണ്ടു വരുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് എത്ര ടണ്‍ പ്രകൃതി വിഭവങ്ങള്‍ വേണമെന്ന കണക്കു പോലും സര്‍ക്കാരിന്റെ കൈയ്യിലില്ല. ഇതൊക്കെ ഡി.പി.ആറില്‍ ഉള്‍പ്പെടുത്തേണ്ടേ? ഇതൊന്നും ഇല്ലെങ്കില്‍ എന്തു ഡി.പി.ആര്‍ ആണിത്?
advertisement
കെ.റെയില്‍ അധികൃതരോട് റെയില്‍വേ ബോര്‍ഡ് പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനില്‍ പ്രതീക്ഷിക്കുന്നത് 36000 യാത്രക്കാരെയാണ്. കെ- റെയിലില്‍ 80000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഈ ചോദ്യം തന്നെയാണ് റെയില്‍വെ ബോര്‍ഡും പ്രതിപക്ഷവും ചോദിച്ചത്. തട്ടിക്കൂട്ട് ഡി.പി.ആര്‍ ആണെന്ന് തയാറാക്കിയവര്‍ പറഞ്ഞു. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ ലോണ്‍ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
advertisement
മുഖ്യമന്ത്രിയുടെ സന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ വിവരങ്ങള്‍ അടങ്ങിയ രഹസ്യരേഖയാണെന്നാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ പറഞ്ഞത്. അന്‍വര്‍ സാദത്ത് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയപ്പോഴാണ് ഡി.പി.ആര്‍ പുറത്തുവന്നത്. ഇപ്പോള്‍ രഹസ്യ സ്വഭാവം എവിടെ പോയി? ഡി.പി.ആര്‍ പുറത്തു കാണിച്ചാല്‍ പദ്ധതിയെ കുറിച്ച് കെട്ടിപ്പൊക്കിയ കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകും. അതുകൊണ്ടാണ് ഇതുവരെ രഹസ്യമാക്കി വച്ചത്. പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഈ ഡി.പി.ആറില്‍ മറുപടിയില്ല. അതിനാലാണ് മുഖ്യമന്ത്രിയും മറുപടി പറയാത്തത്. ഇപ്പോഴെങ്കിലും ഡി.പി.ആര്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിജയമാണ്. മൂവായിരത്തി എഴുനൂറ് പേജുകളുള്ള ഡി.പി.ആര്‍ യു.ഡി.എഫ് സമിതി പഠിക്കും. സാമ്പത്തിക, സാങ്കേതിക, പരിസ്ഥിതി വിദഗ്ധരുമായി നേരിട്ട് ചര്‍ച്ച നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K-Rail DPR | കെ റെയിലിനായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങൾ പുറത്ത്; ഡിപിആർ പ്രസിദ്ധീകരിച്ച് സർക്കാർ
Next Article
advertisement
Daily Love Horoscope September 12|  ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പ്രണയത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും.

  • ഇടവം രാശിക്കാര്‍ക്ക് ഇന്ന് ആളുകളുടെ ശ്രദ്ധ നേടാനും പ്രണയം ആസ്വദിക്കാനും അവസരം ലഭിക്കും.

  • മിഥുനം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ഒരു സുഹൃത്ത് പ്രണയം തുറന്നുപറയാന്‍ സാധ്യതയുണ്ട്.

View All
advertisement