തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
advertisement
തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോൺഗ്രസ് പാർട്ടി രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ബെംഗളൂരുവിലെ മലയാളി യുവതിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചായിരുന്നു ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതിയിലാണ് രണ്ടാമത്തെ കേസ്.
നേരത്തെ രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം അഡീഷണല്‍ പ്രിൻസിപ്പൽ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ രണ്ടാഴ്ചയോളം നീണ്ട ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത് വന്നിരുന്നു. പാലക്കാട് കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടും ചെയ്തു. എംഎല്‍എ എത്തിയതോടെ വോട്ടിങ് കേന്ദ്രത്തിന് മുന്നില്‍ സിപിഎം, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
