കന്യാസ്ത്രീയാകാൻ ആഗ്രഹിച്ച ത്രേസ്യാമ്മ എന്ന പാലാക്കാരി കുട്ടിയമ്മയെന്ന ശിക്കാരിയായി അറിയപ്പെട്ടതിനു പിന്നില്‍ സംഭവ ബഹുലമായൊരു ജീവിതമുണ്ട്. വെള്ളിത്തിരകളിൽ വരുന്നതിനേക്കാൾ അവിശ്വസനീയമായ ഒരു ജീവിത കഥ. അവിടെ വെടിമരുന്നിന്‍റെയും കാടിന്റെയും ചോരയുടെയും ഗന്ധമുണ്ട്. വന്യമൃഗങ്ങളുടേ മുരള്‍ച്ചയും ചിന്നം വിളിയും, അമറലും, അലർച്ചയുമുണ്ട്. വിശപ്പിനോടു പടവെട്ടി മരണത്തിനോടു മല്ലിട്ട ഒരു വന്യ ജീവിതമുണ്ട്.
ഒരു പ്രൈവറ്റ് ബാങ്ക് പൊളിഞ്ഞതിനെ തുടർന്ന് സാമ്പത്തികമായി തകർന്നാണ് പാലാ ഇടമറ്റത്തു നിന്ന് കുട്ടിയമ്മയുടെ കുടുംബം അപ്പനും അമ്മയും സഹോദരങ്ങളും അടക്കം മറയൂര് എത്തിയത്. എന്നാൽ വിചാരിച്ചപോലെ കാര്യങ്ങള്‍ നടന്നില്ല. മലമ്പനി മറയൂരിനെ കടന്നാക്രമിച്ചു. അപ്പനെ കാണാതായി. ഹൈദരാബാദിൽ കന്യാസ്ത്രീയാകാൻ പോയ ത്രേസ്യാമ്മ തിരികെ വന്നു.
advertisement
ഇതിനിടയില്‍ വേട്ടക്കാർക്കൊപ്പം സഹോദരൻ കാട് കയറി. ഒരിക്കൽ അയാളില്ലാതെ വേട്ടക്കാര്‍ തിരികെ വന്നു. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്ക് പറ്റിയ അയാളെ അവര്‍ കാട്ടില്‍ ഉപേക്ഷിച്ചു. രാത്രിമുഴുവന്‍ കരഞ്ഞ കുട്ടിയമ്മ രാവിലെ സഹോദരനെ അന്വേഷിച്ചിറങ്ങി. ഒടുവിൽ ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കണ്ടെത്തി. കയ്യെത്തുന്ന ദൂരത്തു പുലികളും. ഇതായിരുന്നു കാട് കുട്ടിയമ്മയെ പഠിപ്പിച്ച ആദ്യപാഠം. ഭക്ഷണമാക്കാനോ പ്രാണരക്ഷാർത്ഥമോ മാത്രമേ മൃഗങ്ങള്‍ ആക്രമിക്കൂ. സഹോദരനെ കൊണ്ടുവന്ന് കുട്ടിയമ്മ ചികിത്സ നൽകി.
വേട്ടയാടിയ ഇറച്ചിയാണ് സഹോദരന്റെ ചികിത്സയ്ക്ക് പകരമായി ആശുപത്രിക്കാർ ആവശ്യപ്പെട്ടത്. അത് നൽകാനായി സഹോദരന്‍ തന്നെ കുട്ടിയമ്മയെ തോക്കുപയോഗിക്കാൻ പരിശീലിപ്പിച്ചു. ആദ്യം പന്നികളെയും മാനുകളെയും വേട്ടയാടി. കാട്ടുപോത്തിനെ വീഴ്ത്തിയതോടെ നായാടിയുടെ ജീവിതം. അക്കാലത്ത് വന്യജീവി നിയമം വന്നിരുന്നില്ല. രാത്രി ഒരു ഗുഹയില്‍ കുട്ടിയമ്മയും സഹോദരങ്ങളും കിടക്കും. മൃഗങ്ങള്‍ വരാതിരിക്കാന്‍ ഗുഹക്കു മുന്‍പില്‍ തീയിടും. വാറ്റിയ പുല്‍തൈലവും നായാടിയ ഇറച്ചിയും മറയൂരില്‍ കൊണ്ടുപോയി വിറ്റാണ് കുട്ടിയമ്മ ഒരു വീട് വെക്കുന്നത്. ഇതിനിടയിൽ വിവാഹം.
നൗഷാദിക്ക പുതിയ കട തുറന്നു; കളക്ടറുടെ അഭാവത്തിൽ ഉദ്ഘാടനം നാട്ടുകാർ നടത്തി
കുട്ടിയമ്മയുടെ പരുക്കന്‍ ഭാവവും പെരുമാറ്റവും, തോക്ക് കുത്തി ആരെയും കൂസാതെയുള്ള നില്‍പ്പും അടിമാലിയിലെയും മറയൂരിലെയും ആളുകൾക്ക് പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക് കൗതുകമായിരുന്നു. ആ നിൽപ്പും നോട്ടവുംകൊണ്ട് അവരെക്കുറിച്ച് പലരുമുണ്ടാക്കിയ കഥകളിലൂടെ കുട്ടിയമ്മ പോലും അറിയാതെ അവര്‍ക്ക് ഒരു വീര പരിവേഷം കിട്ടി. 'ചൂണ്ടു വിരല്‍ കൊണ്ട് ഒറ്റയാന്മാരെ തളക്കുന്നവള്‍'.
യഥാർത്ഥത്തിൽ കുട്ടിയമ്മ ആന വേട്ടക്കാരിയായിരുന്നില്ല. നിരവധി കാട്ടുപോത്തുകളും, മാനും, മ്ലാവും ഒക്കെ ആയിരുന്നു കുട്ടിയമ്മയുടെ തോക്കിന്‍റെ മുന്‍പില്‍ ഇരകളായത്. ആനയെ വേട്ടയാടാന്‍ അറിയാഞ്ഞിട്ടല്ല. നെറ്റിക്ക് പിന്നിലുള്ള കുഴിയിലേക്ക് കാഞ്ചിവലിച്ചാല്‍ ഏതു കൊമ്പനും വീഴും. കുട്ടിയമ്മയ്ക്ക് ഉന്നവും തെറ്റാറില്ല. പക്ഷേ ചെയ്തില്ല. മാത്രമല്ല ആനവേട്ടക്കാരുടെ കണ്ണിലെ കരടുമായിരുന്നു അവർ.
എന്നാൽ ഒരിക്കല്‍ ആനവേട്ടക്കും കുട്ടിയമ്മ പോയി. നിയമപ്രകാരം.നിരവധിപ്പേരെ കൊന്ന ഒരു കൊല കൊമ്പനെ വീഴ്ത്താന്‍. ഒരു കൊമ്പ് വേട്ടക്കാരനും ഒരണ്ണം വനംവകുപ്പിനും എന്നായിരുന്നു അതിനു പ്രതിഫലം .
ചിന്നാര്‍ കടന്നു ആരു കാട്ടിൽ കയറിയാലും അറിയാനുള്ള കഴിവ് കാനന ജീവിതം കുട്ടിയമ്മയ്ക്ക് നൽകിയിരുന്നു. കഞ്ചാവ് കൃഷിക്കാരെയും കുട്ടിയമ്മ എതിർത്തിരുന്നു. അതിനാൽ ഒരിക്കല്‍ കഞ്ചാവ്കൃഷിക്കാര്‍ അവരെ ആക്രമിച്ചു, ഫോറസ്റ്റ്കാരുമായി ചേർന്ന് നൂറേക്കറോളം കഞ്ചാവ് കൃഷി നശിപ്പിച്ചാണ് കുട്ടിയമ്മ പ്രതികാരം വീട്ടിയത്.
1972ൽ വന്യജീവി നിയമം വരുന്നതിനു മുന്‍പ് തന്നെ കുട്ടിയമ്മ ഭർത്താവുമൊത്ത് കൃഷിയിലേക്ക് മാറി. പിന്നെ കാൽ നൂറ്റാണ്ടു കഴിഞ്ഞ് മകൻ ജോസഫിന്റ കുടുംബവുമായി കാടിറങ്ങി. താമസിയാതെ ഭക്തിയുടെ വഴിയിലേക്കും. രണ്ടു മാസമായി മറവി രോഗത്തിന്റെ പിടിയിലായിരുന്നു.