”എല്ലാവരും ആട്ടുകല്ലിൽ കാറ്റുപിടിച്ചപോലെ ഇരിക്കുവാണ്. ആട്ടുകല്ലിൽ കാറ്റടിച്ചാൽ അനങ്ങില്ലല്ലോ. നല്ല കാര്യങ്ങൾ പറഞ്ഞിട്ടും ഇവിടെ ഒരു പ്രതികരണവും കാണുന്നില്ല. നമ്മുടെ നാട് ഇങ്ങനെയാണോ? എല്ലാവരും നല്ലപോലെ കൈയടിച്ച് പ്രോത്സാഹിപ്പിച്ചേ. മന്ത്രിമാരോപഞ്ചായത്തോ കോർപറേഷനോ നല്ല കാര്യങ്ങൾ ചെയ്താൽ അത് അങ്ങോട്ട് പറഞ്ഞ് കൈയടി വാങ്ങണം. ഇതൊരു പുതിയ രീതിയാണ്. ഒരിടത്ത് ഞാൻ എത്തിയപ്പോൾ അവതാരക പറഞ്ഞു മന്ത്രി വേദിയിലേക്ക് വരികയാണ് നല്ലൊരു കൈയടി കൊടുക്കണമെന്ന്. അങ്ങനെ പറഞ്ഞൊന്നും കൈയടി വാങ്ങണ്ട, അവർക്ക് സൗകര്യമുണ്ടെങ്കിൽ കൈയടിക്കും എന്നായിരുന്നു ഞാൻ പറഞ്ഞത്”- ശിവൻകുട്ടി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു ശിവൻകുട്ടിയുടെ പ്രസംഗം. തുടർന്ന് സദസ്സിൽ നിന്ന് നിറഞ്ഞ കൈയടി ലഭിക്കുകയും ചെയ്തു.
advertisement
Also Read- മുഖ്യമന്ത്രിയുടെ സൗദി യാത്രക്ക് അനുമതി കിട്ടിയില്ല; ലോക കേരളസഭാ സമ്മേളനം അനിശ്ചിതത്വത്തിൽ
നല്ല രീതിയിൽ മാറ്റം നമ്മുടെ നാട്ടിലുണ്ടാവുകയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ക്ലാസ് സമയങ്ങളില്‍ മറ്റൊരു ചടങ്ങും സംഘടിപ്പിക്കരുത്. കുട്ടികളെ പുതിയ കാലത്തിന് അനുസരിച്ച് രൂപപെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായി അധ്യാപക വിദ്യാർത്ഥി നിലവാരം തുടര്‍ച്ചയായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. സംസ്ഥാനത്ത് 13,500 സ്‌കൂളുകള്‍ ഉണ്ടെന്നത് കേരള സാമൂഹിക പുരോഗതിയുടെ ലക്ഷ്യമാണ്. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് സര്‍ക്കാര്‍ ഒരു കുറവും ഉണ്ടാക്കില്ല. കൊട്ടാരക്കരയില്‍ അടിസ്ഥാന ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വലിയ വികസനമുണ്ടായി. കൊട്ടാരക്കരയിലെ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ്, നഴ്സിങ് കോളജ്, വെളിയം ഐ റ്റി ഐ, കൊട്ടാരക്കര ഐ റ്റി പാര്‍ക്ക് എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു.
5.70 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, അധ്യാപക പരിശീലന കേന്ദ്രം എന്നിവയ്ക്കായി വിദ്യാഭ്യാസ സമുച്ചയം നിര്‍മിക്കുന്നത്. മൂന്ന് നിലയായി രൂപകല്‍പന ചെയ്ത കെട്ടിടത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് നിലകളാണ് നിര്‍മിക്കുന്നത്. സെമിനാര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, വിവിധ ഓഫിസുകള്‍ എന്നിവയാണ് കെട്ടിടത്തില്‍ ഉണ്ടാകുക.
കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ അഭിലാഷ്, കെ ഹര്‍ഷകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് പ്രശോഭ, ആര്‍ പ്രശാന്ത്, ബിന്ദു ജി നാഥ്, സജി കടൂക്കാല, വി കെ ജ്യോതി, ബിജു എബ്രഹാം, ഷീബ ചെല്ലപ്പന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ആര്‍ ഷീലകുമാരി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.