മുഖ്യമന്ത്രിയുടെ സൗദി യാത്രക്ക് അനുമതി കിട്ടിയില്ല; ലോക കേരളസഭാ സമ്മേളനം അനിശ്ചിതത്വത്തിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ച് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്. ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്രയ്ക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ സൗദി അറേബ്യയിൽ 19ന് ആരംഭിക്കേണ്ട ലോക കേരളസഭ മേഖലാ സമ്മേളനം അനിശ്ചിതത്വത്തിലായി. അഞ്ച് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര മുടങ്ങുന്നത്. ഇതിൽ രണ്ടു യാത്രകൾ മുടങ്ങിയത് കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ്.
മേയ് മാസത്തിൽ അബുദാബി ഭരണകൂടം സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിലേക്ക് മുഖ്യമന്ത്രിക്കു ക്ഷണം ലഭിച്ചിരുന്നു. പണം നൽകി കേരളം സമ്മേളനത്തിന്റെ പങ്കാളിയാകാനും തീരുമാനിച്ചു. ഇന്ത്യയിലെ പല മുഖ്യമന്ത്രിമാർക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അബുദാബിയിലേക്ക് നിക്ഷേപം എത്തിക്കുന്നതിനുള്ള സംഗമത്തിൽ ഇന്ത്യയിലെ ഭരണാധികാരികളാരും പങ്കെടുക്കേണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം യാത്രാനുമതി നിഷേധിച്ചു.
Related News- മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം മാറ്റി; കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണെന്ന് സൂചന
advertisement
ഓഗസ്റ്റിൽ വിയറ്റ്നാം സന്ദർശിക്കാൻ ക്ഷണം ലഭിച്ചിക്കുകയും മുഖ്യമന്ത്രി യാത്രയ്ക്കുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് നിയമസഭാ സമ്മേളനം വച്ചതിനാൽ വിദേശയാത്ര വേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരുന്നില്ല.
ജൂണിൽ ലോകകേരളസഭ മേഖലാ സമ്മേളനത്തിനായി യുഎസ് സന്ദർശിച്ച മുഖ്യമന്ത്രി, ക്യൂബയും ദുബായിയും സന്ദർശിച്ചശേഷമാണ് മടങ്ങിയെത്തിയത്. 12 ദിവസമെടുത്ത ഈ യാത്രയാണ് മുഖ്യമന്ത്രിയുടെ ഒടുവിലത്തെ വിദേശയാത്ര.
Related News- കേന്ദ്രാനുമതി കിട്ടിയപ്പോൾ അവസാന വിമാനവും പോയി; മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്ര മുടങ്ങി
advertisement
യുഎസ് മേഖലാ സമ്മേളനത്തിന് നേരത്തെ കേന്ദ്രാനുമതി വാങ്ങിയ സർക്കാർ, സൗദിയുടെ കാര്യത്തിൽ ആ ആസൂത്രണം നടത്തിയില്ലെന്നാണു സൂചന. ഒക്ടോബർ 17ന് സൗദിയിലേക്ക് നിശ്ചയിച്ച യാത്രയ്ക്കായി സെപ്റ്റംബർ 9നാണ് സംസ്ഥാനം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് അനുമതി തേടിയത്. സമ്മേളന തീയതി നിശ്ചയിച്ച ശേഷമാണ് കേന്ദ്രവുമായി പ്രാഥമിക ആശയവിനിമയം നടത്തിയത്. ഇതും കേന്ദ്രാനുമതി ലഭിക്കാൻ തടസ്സമായെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 11, 2023 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ സൗദി യാത്രക്ക് അനുമതി കിട്ടിയില്ല; ലോക കേരളസഭാ സമ്മേളനം അനിശ്ചിതത്വത്തിൽ