നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണ് സാധ്യത. മറ്റു പരിശോധനകള്‍ നടത്തിയാലേ ഇതു സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. ഐസിഎംആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്നു കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐസിഎംആറിന്റെ സഹകരണത്തോടെ തുടരുന്നതായും മന്ത്രി അറിയിച്ചു.
advertisement
മലപ്പുറം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസൊലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.