ആർഎസ്എസ് ഗണഗീതങ്ങളിൽ ഒന്നായ 'പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' പാടിയാണ് രാമചന്ദ്രന് വിട ചൊല്ലിയത്. ഭാര്യയുടെ ആഗ്രഹപ്രകാരമായിരുന്നു ഇത്. മകൾ ആരതി 'ഭാരത് മാതാ കീ ജയ്' വിളിച്ച് പിതാവിന് യാത്രാമൊഴി ചൊല്ലി.
അച്ഛൻ ഭീകരവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുമ്പോഴും രണ്ട് ദിവസത്തോളം കരയാതെ പിടിച്ചുനിന്ന ആരതിയുടെ കണ്ണിൽ നിന്ന് നീർത്തുള്ളികൾ അടർന്നുവീണു. യാത്രപറച്ചിലിന്റെ ദിവസവും തളരാതെ പിടിച്ചു നിന്ന് പ്രിയപ്പെട്ട അച്ഛന് അവർ അന്തിമഅഭിവാദ്യം നൽകിയത് കണ്ണീരോടെയാണ് അവിടെ കൂടിനിന്നവർ കണ്ടത്.
advertisement
രാമചന്ദ്രനെ അവസാനമായി കാണാൻ ആയിരങ്ങളാണ് ചങ്ങമ്പുഴ പാർക്കിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രിമാരായ പി രാജീവും എ കെ ശശീന്ദ്രനും റീത്ത് സമർപ്പിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിനിമാ താരം ജയസൂര്യ എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
സാംസ്കാരിക, സാമൂഹിക, സിനിമാ രംഗങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് രാമചന്ദ്രനെ അവസാനമായി കാണാൻ എത്തിയത്. മതാചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാര ശേഷം ചങ്ങമ്പുഴ പാർക്കിൽ നടന്ന അനുശോചന സമ്മേളനത്തിൽ നിരവധി പേർ പങ്കെടുത്തു.