പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കിലും ഹൈഡ്രജൻ ഇന്ധനത്തിന്‍റെ അമിതമായ ചെലവ് കാരണം ലോകത്ത് അപൂർവ്വമായാണ് ഹൈഡ്രജൻ ബസുകൾ ഓടിക്കുന്നത്. സംസ്ഥാനം കൂടുതൽ കടക്കെണിയിലേക്ക് പോകുമ്പോൾ 30 കോടിയോളം മുടക്കം ഹൈഡ്രജൻ ബസുകൾ വാങ്ങുന്നത് തെറ്റായ തീരുമാനം ആകുമെന്നാണ് ഈ രംഗത്തെ വിഗ്ദ്ദർ പറയുന്നത്. ഇന്ത്യയിൽ ടാറ്റയാണ് പരീക്ഷണാർത്ഥം ഹൈഡ്രജൻ ബസുകൾ പുറത്തിറക്കുന്നത്. ഹൈഡ്രജന് ചെലവേറിയതിനാൽ ഇത്തരം ബസുകൾ ലോകത്ത് ഒരിടത്തും പൊതുഗതാഗതത്തിന് ഉപയോഗിക്കാറില്ല.
ഹൈഡ്രജൻ ഫ്യുവൽ സെലും കപ്പാസിറ്ററും ഉപയോഗിച്ച് ഓടിക്കുന്ന ഇത്തരം ബസുകൾ വെള്ളമാണ് മാലിന്യമായി പുറന്തള്ളുന്നത്. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്തതിനാൽ ഇത്തരം ബസുകൾ ഓടിക്കുന്നതിനായി വിദേശ രാജ്യങ്ങൾ കൂടുതലായി മുന്നോട്ട് വരുന്നുണ്ട്. ഒരു ബസിന് രണ്ട് കോടിയോളം രൂപ ചെലവ് വരും. കൂടാതെ നിലവിൽ ലഭ്യമാകുന്ന ഹൈഡ്രജൻ ഫ്യുവൽ സെല്ലും ചെലവേറിയതാണ്. എന്നാൽ വെള്ളത്തിൽനിന്നോ എൽഎൻജി ഇന്ധനത്തിൽനിന്നോ വ്യാവസായിക അടിസ്ഥാനത്തിൽ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനായാൽ ചെലവ് കുറയ്ക്കാനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
advertisement
Also Read- പുതിയ ഇരുചക്ര വാഹനങ്ങളുടെ വില കൂടും; ഹരിത നികുതിയും വർധിപ്പിച്ചു
കേരളത്തിൽ ഹൈഡ്രജൻ ബസുകൾ ഓടിക്കുമെന്ന് 2020ൽ ദ ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചി-തിരുവനന്തപുരം റൂട്ടിലാണ് സർവ്വീസെന്നും, പരീക്ഷണാടിസ്ഥാനത്തിൽ ഒക്ടോബറിൽ രണ്ടു ബസുകൾ ഓടിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഈ നീക്കം നടന്നത്. ഈ പദ്ധതിയ്ക്കായി ഹൈഡ്രജൻ ലഭ്യമാക്കാൻ അനർട്ടിനെ ചുമതലപ്പെടുത്തുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്. രണ്ടു വർഷം മുമ്പ് ഒരു കിലോഗ്രാം ഹൈഡ്രജന് ഏകദേശം 150 രൂപ ചെലവ് കണക്കാക്കിയിരുന്നു. ഒരു ദിവസം അഞ്ഞൂറ് കിലോമീറ്റർ ഓടുന്ന ബസിന് അഞ്ച് കിലോഗ്രാം ഹൈഡ്രജനാണ് ആവശ്യമായി വരുന്നത്. ദിവസം രണ്ടായിരം രൂപയാണ് ഇതിൽ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് നടപ്പിലായില്ല. അതിനിടെയാണ് മോട്ടോർ വാഹനവകുപ്പ് കൊച്ചി മെട്രോയുമായി സഹകരിച്ച് ഹൈഡ്രജൻ ബസുകൾ വാങ്ങാൻ ഒരുങ്ങുന്നത്.
ഹൈഡ്രജൻ ഇന്ധനം പ്രവർത്തനം എങ്ങനെ?
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള ഗതാഗതം കുറയ്ക്കുന്നതിനും വാഹനങ്ങളിൽനിന്നുള്ള മലിനീകരണം തടയുന്നതിനുള്ള പ്രധാന പരിഹാരമായാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലിനെ കണക്കാക്കുന്നത്. വൈദ്യുതി ഉൽപാദിപ്പിക്കുന്നതായി ഹൈഡ്രജൻ ഫ്യുവൽ സെൽ ഹൈഡ്രജന്‍റെ രാസ ഊർജമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച വൈദ്യുതിയാണ് ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്നത്. ജലവും താപവുമാണ് ഈ പ്രക്രിയയിൽ ഉപോൽപന്നങ്ങളായി ഉപയോഗിക്കുന്നത്. രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ ബാറ്ററിയിൽ ശേഖരിച്ചാണ് വാഹനത്തിന്‍റെ എഞ്ചിനെ പ്രവർത്തനക്ഷമമാക്കുന്നത്. കപ്പാസിറ്ററിന്‍റെ സഹായത്തോടെയാണിത് നടക്കുന്നത്.