തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് രശ്മികളുടെ തീവ്രത കൂടുന്നത് എന്നതിനാൽ ഈ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുകയും ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം.
മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, പുറം ജോലികളിൽ ഏർപ്പെടുന്നവർ, വിനോദസഞ്ചാരികൾ എന്നിവർ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ, ചർമ്മ-നേത്ര രോഗങ്ങളുള്ളവർ എന്നിവർക്ക് ഈ കാലാവസ്ഥ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മലമ്പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും യുവി സൂചിക പൊതുവെ കൂടുതലായിരിക്കുമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
advertisement
