ഈ മാസം 20 വരെ ഇതേ ശക്തിയിൽ മഴ തുടരും. മഴയോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള- കർണാടക -ലക്ഷദ്വീപ് മേഖലകളിൽ ഈ മാസം 19 വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.
അതേസമയം 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കാസർഗോഡ്, തൃശൂർ, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു.
advertisement
കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിൽ മണ്ണിടിച്ചിലുണ്ടായി. ചെറുവത്തൂർ കുളങ്ങാട്ട് മലയിലെ വനഭൂമി പിളർന്ന് താഴ്ഭാഗത്തെ വീടുകളിലേക്ക് പതിച്ചു. പ്രദേശവാസി വിനീതയുടെ വീടിന് മുകളിലേക്കാണ് മണ്ണും മരങ്ങളും പതിച്ചത്. പ്രദേശത്തെ നാലു വീടുകളിലെ പതിനഞ്ചോളം പേരെ മാറ്റി പാർപ്പിച്ചു. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലാണ് മലയുടെ ഒരു ഭാഗം ഇടിഞ്ഞത്. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയെ തുടർന്ന് റവന്യൂ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞമാസം മലയിൽ വിള്ളൽ കണ്ടെത്തിയ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിൽ 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ മണ്ണിടിഞ്ഞു. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു. മഴയെ തുടർന്ന് വയനാട് മുണ്ടക്കൈ–ചൂരൽമല മേഖലയിൽ കനത്ത ജാഗ്രത. ഇവിടെ തോട്ടം മേഖലയിലേക്ക് പ്രവേശനം വിലക്കി.