ലോകായുക്ത നിയമഭേദഗതി സഭ പരിഗണിക്കുന്നതിനിടെ കെ കെ ശൈലജ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് കെ ടി ജലീലില്‍ സംസാരിക്കാനായി എഴുന്നേറ്റത്. ഇതോടെ സീറ്റിലേക്ക് ഇരിക്കുന്നതിനിടെ ശൈലജ ടീച്ചർ നടത്തിയ ആത്മഗതമാണ് പുറത്തായത്. നേരത്തെ ലോകായുക്തയുടെ നടപടിയെ തുടര്‍ന്ന് ജലീല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു.
അതേസമയം താന്‍റേതെന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയാണെന്ന് കെ കെ ശൈലജ പറഞ്ഞു. തനിക്ക് അനുവദിച്ച സമയം നഷ്ടപ്പെടുമല്ലോയെന്ന് ഓർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്നതരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.