ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ആരാടാ........ സമസ്‌തയുടെ പെൺവിരുദ്ധത അംഗീകരിക്കുക?!!
------------
പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പു മാറില്ലെന്നു തെളിയിക്കുന്നതാണ് എം ടി മുസ്‌ലിയാരുടെ ശാസനയിൽ തെളിഞ്ഞു വരുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അവിടത്തെ കുട്ടികളെ പലപ്പോഴും ആദരിക്കേണ്ടിവരും. അധ്യാപികമാരെയും അനുമോദിക്കേണ്ടി വരും. അതെല്ലാം നമ്മുടെ സ്ഥാപനങ്ങളിൽ നടന്നുവരുന്ന കാര്യങ്ങളാണ്.
advertisement
ഇസ്‌ലാമിക ചിട്ടയും മര്യാദയും പാലിച്ചു കൊണ്ട് തന്നെ ഇതെല്ലാം നടക്കുമ്പോൾ പെൺകുട്ടികളെ പരസ്യമായി അവഹേളിക്കുന്ന തരത്തിൽ സമസ്ത നേതാവിന്റെ പരസ്യപ്രതികരണം പുതുതലമുറയിൽ വലിയ അപകർഷബോധം സൃഷ്‌ടിക്കാൻ ഇടയാക്കുന്നതാണ്.
ആണും പെണ്ണും ഇടകലർന്ന് എല്ലാ മൂല്യങ്ങളും തകർക്കാൻ കൂട്ടുനിൽക്കണമെന്നല്ല ഇതിന്റെയർത്ഥം.
ഒരു ധാർമികപ്രസ്ഥാനത്തിനു ചേരുന്ന രൂപത്തിൽ മാത്രമേ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്നതും നേര്.
ഏറ്റവും വലിയ പുരോഗമനവാദികളായി ചമയാൻ ശ്രമിക്കുകയും പെണ്മക്കളെ ബഹുവർണ മറക്കുള്ളിൽ അടച്ചിടുകയും ചെയ്യുന്ന പൗരോഹിത്യം എതിർക്കപ്പെടണം. സമസ്‌ത അവരുടെ പെൺവിരുദ്ധത ഉറക്കെ പറയുകയാണ്.
നവോഥാന പ്രസ്ഥാനങ്ങളുടെ സാന്നിധ്യം ഇവിടെ ഇല്ലെങ്കിൽ താലിബാനിസം എന്നോ മലയാളി മുസ്‌ലിം സ്ത്രീകളെ വരിഞ്ഞു മുറുക്കിയിട്ടുണ്ടാവും. വളയമില്ലാതെ ചാടുന്ന സ്വാതന്ത്യവാദികളുടെ അതിവാദങ്ങൾക്കും പൗരോഹിത്യത്തിനും മദ്ധ്യയാണ് വിവേകമതികൾ ഈ വിഷയത്തെ കാണേണ്ടത്. ഇസ്‌ലാമിക ചരിത്രവും അതാണ് പഠിപ്പിക്കുന്നത്.
സ്ത്രീ വിദ്യാഭ്യാസത്തിനും സാമൂഹിക രാഷ്ട്രീയ മുന്നേറ്റത്തിനും വഴിയൊരുക്കിയ മുജാഹിദ് പ്രസ്ഥാനത്തെ നുണ കൊണ്ടു തകർക്കാൻ ശ്രമിക്കുന്ന സമസ്ത പൊതുസമൂഹത്തിൽ നാണം കെട്ട് നിൽക്കുന്നതിനു ആരാണ് ഉത്തരവാദികൾ. ?
ഇസ്‌ലാമിക വസ്ത്രം ധരിച്ച ഒരു സ്ത്രീ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയാലും സമസ്ത 'ആരാടാ' എന്ന പുരോഹിത വടിയെടുക്കും .
ഈ പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്ത്രീകൾ വളർന്നത്. അതിനെ തടയാൻ സമസ്തക്ക് ഇനി സാധിക്കില്ല.
ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി