TRENDING:

ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം

Last Updated:

വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജി അമ്മാവനെ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു

advertisement
അപൂര്‍വങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഇതിലൊന്നാണ് കോട്ടയം ജില്ലയിലെ പ്രസിദ്ധമായ ചെറുവള്ളിക്കാവ് എന്ന ചെറുവള്ളി ദേവി ക്ഷേത്രം
News18
News18
advertisement

ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, പരമശിവൻ, ശ്രീപാർവതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, കൊടുംകാളി, ശ്രീദുർഗ, വീരഭദ്രൻ എന്നീ പ്രതിഷ്‌ഠകൾ കൂടാതെ ജഡ്ജി അമ്മാവന്‍ എന്നൊരു അത്യപൂര്‍വ പ്രതിഷ്ഠ കൂ‌ടി ഇവിടെയുണ്ട്.

ചെറുവള്ളി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ഇവിടുത്തെ ജഡ്ജിയമ്മാവന്‍ കോവില്‍. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജി അമ്മാവനെ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം.

advertisement

ഐതിഹ്യം

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് ജഡ്ജി അമ്മാവന്റെ പ്രതിഷ്ഠയ്ക്ക് പിന്നിലെ ഐതിഹ്യം.തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ ധര്‍മരാജാ എന്ന് കീര്‍ത്തികേട്ട കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ഭരിച്ചിരുന്ന (1758 - 1798) കാലം.

ധര്‍മ്മശാസ്ത്രവും നീതിസാരവും അക്ഷരംപ്രതിയനുസരിച്ച് ഉത്തമഭരണം നടത്തിയിരുന്ന രാജാവിന് ചേര്‍ന്ന ന്യായാധിപനായിരുന്നു തിരുവല്ല തലവടി രാമവർമത്ത് ഗോവിന്ദപ്പിള്ള. സദാര്‍ കോടതി എന്നറിയപ്പെടുന്ന രാജനീതിപീഠത്തിന്റെ തലപ്പത്ത് നീതിയുടെയും ന്യായത്തിന്റെയും മറുവാക്കായിരുന്നു സംസ്കൃത പണ്ഡിതന്‍ കൂടിയായ ഗോവിന്ദപ്പിള്ള. എന്നാൽ ഒരിക്കല്‍ അദ്ദേഹത്തിനും ഒരു തെറ്റു പറ്റി.സ്വന്തം അനന്തരവനായ പത്മനാഭപിള്ളയ്ക്ക് എതിരായ ഒരു കേസില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്.

advertisement

തന്റെ നടപടിയില്‍ മനംനൊന്ത ഗോവിന്ദപ്പിള്ള രാജാവിനോട് തനിക്കു തക്കതായ ശിക്ഷ നല്കണമെന്ന് അപേക്ഷിച്ചു.എന്നാൽ ധർമരാജാ ഇത് നിഷേധിച്ചു എങ്കിലും പിന്നീട് വഴങ്ങി. സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്‍റെ കാല്‍പ്പാദങ്ങള്‍ രണ്ടും മുറിച്ച് മാറ്റണമെന്നും പരസ്യമായി ഒരു മരത്തില്‍ തൂക്കിക്കൊല്ലണമെന്നും പിള്ള വിധിച്ചു. മാത്രമല്ല മറ്റുള്ളവർക്ക് പാഠമാകാൻ മൂന്നു ദിവസം അങ്ങനെ തന്നെ മൃതശരീരം നാട്ടുകാര്‍ കാണ്‍കെ പ്രദര്‍ശിപ്പിയ്ക്കണമെന്നും രാജാവിനോട് അപേക്ഷിയ്ക്കുന്നു.അപ്രകാരം തന്നെ ചെയ്യാന്‍ രാജാവ് നിര്‍ബന്ധിതനായി.

എന്നാൽ കാലം കഴിഞ്ഞപ്പോള്‍ ചില ദുർനിമിത്തങ്ങള്‍ കണ്ടുതുടങ്ങി. അന്നത്തെ രീതിയനുസരിച്ച് ജ്യോതിഷ പ്രശ്നം വെച്ചപ്പോൾ ജഡ്ജിയുടെയും മരുമകന്റെയും ആത്മാക്കള്‍ അലഞ്ഞു നടക്കുന്നതാണ് ഇതിനെല്ലാം കാരണമെന്ന് കണ്ടെത്തി. പരിഹാരമായി ദേവീഭക്തനായിരുന്ന ജഡ്ജിയുടെ ആത്മാവിനെ പൊൻകുന്നം ചെറുവള്ളിയിലെ പയ്യമ്പള്ളി കുടുംബസ്ഥാനത്ത് കുടിയിരുത്തി. മരുമകന്റെ ആത്മാവിനെ തിരുവല്ല പനയന്നാർ കാവിലും കുടിയിരുത്തി.

advertisement

ചെങ്ങന്നൂര്‍ വഞ്ഞിപ്പുഴ തമ്പുരാന് മാര്‍ത്താണ്ഡ വര്‍മ മഹാരാജാവ് കരമൊഴിവാക്കി കൊടുത്തിരുന്ന സ്ഥലത്താണ് ചെറുവള്ളിക്കാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ തമ്പുരാന്റെ അനുവാദത്തോടെ ജഡ്ജി അമ്മാവന് ഒരു പ്രതിഷ്ഠയും നടത്തി. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ ചെറുവള്ളിയിൽ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.

എപ്പോൾ തുറക്കും ?

ദേവീക്ഷേത്രത്തിലെ അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രം അ‌ടച്ചുകഴിഞ്ഞ് മാത്രമേ ഈ കോവില്‍ തുറക്കാറുള്ളൂ. സാധാരണയായി രാത്രി 8.00 മുതല്‍ 8.45 വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ഈ സമയത്താണ് വിശ്വാസികള്‍ എത്തുന്നത്. അടനിവേദ്യമാണ് ഇവിടത്തെ പ്രധാന വഴിപാട്. ഒപ്പം കരിക്കും അടയ്ക്കയും വെറ്റിലയും. പൂജയ്ക്കു ശേഷം അട വിശ്വാസികള്‍ക്ക് പ്രസാദമായി നല്കും.

advertisement

എവിടെയാണ് ക്ഷേത്രം ?

മൂവാറ്റുപുഴ- പുനലൂർ ഹൈവേയിൽ മണിമലയ്ക്കും പൊൻകുന്നത്തിനും ഇടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എറണാകുളത്തു നിന്നും 94 കിലോമീറ്ററും കോട്ടയത്തു നിന്നും 37 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കിലോമീറ്ററും പൊന്‍കുന്നത്തു നിന്നും എട്ടു കിലോമീറ്ററും ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

വാർത്തയിൽ വന്നത്

ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പ് കേസിൽ പ്രതിചേർക്കപ്പട്ട മുൻ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഇവിടെ വഴിപാട് നടത്തിയ കാലത്ത് മാത്രമാണ് ജഡ്ജിയമ്മാവന്റെ കോവിൽ പ്രശസ്തിയിലേക്ക് ഉയരുന്നത്.

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കുടുംബത്തോടൊപ്പം ജഡ്ജിയമ്മാവന്‍ കോവിലില്‍ പൂജ നടത്താന്‍ എത്തും. കുടുംബസമേതമായിരിക്കും എത്തുക എന്ന് ക്ഷേത്രം അധികൃതർ സൂചിപ്പിച്ചു. മുമ്പ് 2019 മാര്‍ച്ച് എട്ടിനു രാത്രി ദിലീപും സഹോദരന്‍ അനൂപും ഇവിടെ കരിക്ക് അഭിഷേകവും അട വഴിപാടും നടത്തിയിരുന്നു. കേസില്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസവും സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ദിലീപും അനൂപും ചെറുവള്ളിയിലെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേസിൽ കുടുങ്ങിയപ്പോൾ ശ്രീശാന്ത്, ശാലു മേനോന്‍, സരിത എസ്. നായര്‍ തുടങ്ങിയ പ്രമുഖരൊക്കെ മുന്‍പ് ഇവിടെ പൂജ നടത്തിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല സ്ത്രീപ്രവേശത്തിന് എതിരായി ഹർജി കൊടുക്കുന്നതിന് മുമ്പ്ഇവിടെ വഴിപാട് നടത്തിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജഡ്ജിയമ്മാവന്‍ കോവില്‍: തെറ്റായ വിധിയിൽ ശിക്ഷ ഏറ്റുവാങ്ങിയ ജഡ്ജിയെ നീതിയുടെ കാവലാളായി ആരാധിക്കുന്ന ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories