മഴയുടെ അളവ് നിരീക്ഷിക്കുന്നതിനായി വയനാട് ഹ്യും സെൻ്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ 22.59 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്തിനെ 12 ഗ്രിഡുകൾ ആക്കി തിരിച്ച് ഓരോ ഗ്രിഡിലും ഒരു വീട് വീതം തിരഞ്ഞെടുത്ത് അവരുടെ ടെറസ്സിൽ മഴമാപിനികൾ സ്ഥാപിച്ചു. ഓരോ ഗ്രിഡിലേയും വീടുകൾ തിരഞ്ഞെടുത്തത് അതത് പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനാണ്. എല്ലാ ദിവസവും മഴ അളന്ന് റിപ്പോർട്ട് തയ്യാറാക്കേണ്ടത് തിരഞ്ഞെടുത്ത വീട്ടുകാർ കൂടാതെ പ്രദേശത്തെ റസിഡൻ്റ്സ് അസോസിയേഷനുകളുടെയും ചുമതലയാണ്.
advertisement
'മഴ ഒരുക്കം' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ദിവസവും രാവിലെ 8:30ന് മുമ്പ് 24 മണിക്കൂർ പെയ്ത മഴയുടെ അളവ് രേഖപ്പെടുത്തി ഗ്രൂപ്പിൽ റിപ്പോർട്ട് ചെയ്യും. ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്യുന്ന മഴയുടെ അളവ് ഹ്യും സെൻ്റർ ചാർട്ട് ആയി ഗ്രൂപ്പിലേക്ക് അയക്കുമായിരുന്നു. എന്നാൽ പിന്നീട് ഗ്രാമവാസികൾക്ക് പരിശീലനം നൽകി. ഇപ്പോൾ അവരാണ് എല്ലാ ദിവസവും മഴയുടെ അളവ് ചാർട്ട് തയ്യാറാക്കുന്നത്. വീടുകളിൽ സ്ഥാപിച്ച മഴമാപിനിയുടെ സഹായത്തോടെ മഴയുടെ അളവ് കൃത്യതയോടെ രേഖപ്പെടുത്തുന്നവരിൽ ദേവദത്തിനെ കൂടാതെ 70ന് അടുത്ത് പ്രായമുള്ളവരും വിദ്യാർത്ഥികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
