വിദ്യാർത്ഥിനിക്ക് വിലക്ക് എന്ന വിവാദത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹൈബി ഈഡൻ എംപി. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ വ്യക്തമാക്കി.
ബിജെപി, ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. പ്രിൻസിപ്പൽ അടക്കമുള്ളവർ സ്കൂളിൽ ഉണ്ടായിരുന്നില്ല. അവരുടെ അഭിപ്രായം കൂടി കേട്ട ശേഷമാകും സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം.
advertisement
സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം.
സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും കുട്ടി നാളെ സ്കൂളിൽ വരും എന്നും പിതാവ് പറഞ്ഞു.
ഹിജാബ് ധരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂള്‍ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഹിജാബ് ധരിച്ചതിന് വിദ്യാര്‍ഥിയെ വിലക്കിയതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.എന്നാൽ യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് സ്കൂള്‍ അധികൃതരും പിടിഎയും വ്യക്തമാക്കിയിരുന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച സ്കൂളിന് ഹൈക്കോടതി നിർദേശിച്ച പ്രകാരം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.