സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയതാണ് തർക്കത്തിന് കാരണമായത്. ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്കൂൾ മാനേജ്മെന്റ്. ഇതേത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് സ്കൂൾ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്നത്.
ഹർജി പരിഗണിച്ചപ്പോൾ മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്ന് സ്കൂൾ മാനേജുമെന്റ് അറിയിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുട്ടിയ്ക്ക് സ്കൂളിൽ തുടരാനാകില്ലെന്നും അതിനാൽ മറ്റൊരു സ്കൂളിലേയ്ക്ക് മാറ്റുകയാണെന്നും രക്ഷിതാവ് അറിയിക്കുകയായിരുന്നു.
advertisement
സ്കൂളിന്‌റെ വാദം
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനിയെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ നോട്ടിസിനെതിരെയായിരുന്നു പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഹർജി. കുട്ടിയുമായെത്തിയ എസ്‌ഡിപിഐ സംഘമാണ് പ്രശ്‌നം വഷളാക്കിയതെന്നും നിരോധിത സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ ഘടകമാണ് എസ്‌ഡിപിഐയെന്നും ഉൾപ്പെടെയുള്ള വാദങ്ങളായിരുന്നു സെൻ്റ് റീത്താസ് സ്‌കൂളിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രശ്‌നമുണ്ടാക്കിയ എസ്‌ഡിപിഐ സംഘത്തിൻ്റെ ദൃശ്യങ്ങളടക്കം കോടതിയിൽ സമർപ്പിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ വാദം
ഹിജാബ് അനുവദിക്കാത്തതിൻ്റെ പേരിൽ കുട്ടിയ്ക്ക് ക്ലാസുകൾ നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാഭ്യസ വകുപ്പിൻ്റെ മറുപടി. വീട്ടിലും പുറത്തും ധരിക്കുന്ന ഹിജാബ് സ്‌കൂൾ ഗേറ്റിനുള്ളിൽ അവസാനിക്കുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പറഞ്ഞു. നോട്ടിസ് അധികാര പരിധിയ്ക്കുള്ളിൽ നിന്നുകൊണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കൂടാതെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ സർക്കാരിന് നിയമപരമായി തന്നെ ഇടപെടാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തു.
Summary: The Kerala High Court settled the petition related to the hijab controversy at Palluruthy St. Rita's School. Justice V. G. Arun recorded the submission by the parent that the child would be shifted to another school, thereby closing further proceedings in the petition.
