ഗോത്ര കാലഘട്ടത്തിൻ്റെ സംസ്കൃതിയുടെ ഭാഗമായിട്ട് വലിയൊരു പാറയുടെ അടിവാരത്താണ് അപ്പൂപ്പൻ കുടികൊള്ളുന്നത് എന്നാണ് സങ്കല്പം. വെറ്റില, മുറുക്കാൻ, കള്ള്, തിരി, കർപ്പൂരം എന്നിവയാണ് പ്രധാനമായും അപ്പൂപ്പന് സമർപ്പിക്കുന്നത്. അധികമാരും കടന്നുചെന്നിട്ടില്ലാത്ത അറിയപ്പെടാത്ത ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് ചാവരുപാറ അപ്പുപ്പൻകാവ്. ദൂരെനിന്നു നോക്കിയാൽ ഒരു കൂറ്റൻ പാറ നല്ല കറുത്തിരുണ്ട കൊമ്പനാനയെ പോലെ തോന്നും. അടുത്ത് ചെല്ലുമ്പോൾ ആ പാറയുടെ ആകൃതി നമ്മെ കൂടുതൽ അതിശയമുളവാക്കുന്നു. പ്രകൃതി തന്നെ പണിത അമ്പലം എന്ന് വിശേശിപ്പിക്കാം. കാവിലേക്ക് നടന്നു കയറുന്ന വഴികൾ വനത്തിൻ്റെ ശാന്തത നിറയുന്നവയാണ്.
advertisement
പാറയുടെ അരികിലേക്ക് നീങ്ങുമ്പോൾ ആദ്യം എത്തുന്നത് ചെറിയ ഒരു ഓഫീസ് പോലെയുള്ള സ്ഥലത്തേക്കാണ്. അവിടെനിന്ന് പിന്നെ അപ്പുപ്പൻ്റെ സന്നിധിയിലേക്ക് എത്താം. ശബ്ദമില്ല, തിരക്കില്ല — പ്രകൃതിയുടെ സാന്നിധ്യം മാത്രം. അപ്പൂപ്പൻ എല്ലാവരെയും അനുഗ്രഹിച്ച് കുടികൊള്ളുന്നു എന്നാണ് ഐതിഹ്യം. പുതിയ കാലഘട്ടത്തിലും ആദിമ ഗോത്ര സംസ്കൃതിയുടെ സ്മരണ ഉയർത്തുന്ന കാഴ്ച തന്നെയാണ് നമുക്ക് ഇവിടെ കാണുവാൻ കഴിയുക. ഇവിടെ വിശ്വാസം അർപ്പിച്ച് നേർച്ച ചെയ്തു കഴിഞ്ഞാൽ അവർക്ക് അതിൻ്റേതായ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചാണ് അപ്പുപ്പനെ സേവിക്കുന്നത്. ജാതി മതഭേതമന്യ ഇവിടെയാളുകൾ ദർശനം നടത്തുന്നു. തലമുറകളായി ഒരു കുടുംബം വെച്ച് ആരാധന നടത്തിക്കൊണ്ടിരുന്നതാണ്. നിലവിൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലാണ് അപ്പുപ്പൻ കാവ് പ്രവർത്തിക്കുന്നത്.
