വീടുകളുടെ മുന്നിലും വഴികളിലും ചെറുതും വലുതുമായ പന്തങ്ങൾ കത്തിക്കുന്നത് ഇന്നും നിലനിൽക്കുന്ന ഒരു സാമൂഹിക ആഘോഷം ആണ്. ചില പ്രദേശങ്ങളിൽ യുവാക്കൾ കൂട്ടമായി വലിയ പന്തങ്ങൾ നിർമ്മിച്ച് വൈകുന്നേരം കത്തിക്കുന്നതും ഒരു സാമൂഹ്യ ഐക്യ സംസ്കാരമാണ്. കാർത്തിക ദിനത്തിൽ വീട് മുഴുവൻ എണ്ണവിളക്കുകൾ കത്തിക്കുന്ന പതിവുണ്ട്. ദീപങ്ങൾ വെക്കുന്നത് ശുദ്ധിയും സമൃദ്ധിയും വരുത്തുമെന്നാണ് വിശ്വാസം.
കൊല്ലം ജില്ല പരമ്പരാഗതമായി കാർഷികമേഖലയിൽ ഊന്നിയ ഒരു പ്രദേശമായതിനാൽ, കാർത്തിക ദിനം പഴയ കാർഷിക സംസ്കാരത്തിൻ്റെ ഭാഗമായിനടത്തിവരുന്നു. വിളക്ക് തെളിയിക്കൽ ഭൂമിയുടെ സമൃദ്ധിക്ക് വേണ്ടിയും ചൂട്ടുപന്തം കത്തിക്കുന്നത് വയലുകളെ ദോഷശക്തികളിൽ നിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ്. വീടുകളിലെ കുട്ടികളും സ്ത്രീകളും ചേർന്ന് ഉച്ച മുതൽ ദീപങ്ങൾക്കുള്ള തയാറെടുപ്പുകൾ നടത്തും. മുഴുവൻ പ്രദേശം ഒരേ സമയം പ്രകാശം നിറയും; ഇത് സമൂഹ ഐക്യത്തിൻ്റെ കൂടി പ്രതീകമാണ്. ചില സ്ഥലങ്ങളിൽ ഇത് ചെറിയൊരു ഉത്സവരീതിയിൽ ആചരിക്കും. പ്രത്യേക പൂജകളും പ്രകാശോത്സവവും കൊല്ലത്തിലെ ചില ക്ഷേത്രങ്ങളിൽ കാണാം. അഖണ്ഡ ദീപം, പ്രദക്ഷിണം, പ്രകാശ അലങ്കാരം, സ്ത്രിദേവതാരാധന, ഇതൊക്കെയാണ് നടക്കാറുള്ളത്.
advertisement
പണ്ടുകാലത്ത് കാർത്തികദീപം തെളിയിച്ചാൽ കുടുംബത്തിൽ സമാധാനം, വിളവെടുപ്പിൽ സമൃദ്ധി എന്നിവ വരുത്തും എന്നു വിശ്വസിച്ചിരുന്നു. ഇരുട്ടിനെ മറികടന്ന് പ്രകാശം വിജയിക്കുന്ന ദിനമായി തന്നെയാണ് തെക്കൻ ജില്ലകൾ ഇന്നും കാർത്തികയെ കാണുന്നത്.
