TRENDING:

ഗതാഗത പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കുന്നത്തൂർ താലൂക്ക്; ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം

Last Updated:

കേരളത്തിലെ ഒരു പ്രധാന താലൂക്ക് ആസ്ഥാനമായിട്ടുപോലും, ശാസ്താംകോട്ടയിൽ നിന്ന് തലസ്ഥാനമായ തിരുവനന്തപുരത്തേക്കോ, കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തേക്കോ ഒരു നേരിട്ടുള്ള ബസ് സർവീസ് പോലും നിലവിലില്ല എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധ്യ തിരുവിതാംകൂറിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിൽ കുന്നത്തൂർ താലൂക്ക് നേരിടുന്ന അതിരൂക്ഷമായ ഗതാഗത പ്രതിസന്ധിക്ക് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
ഗതാഗത പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കുന്നത്തൂർ താലൂക്ക്
ഗതാഗത പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കുന്നത്തൂർ താലൂക്ക്
advertisement

ഒരു കാലത്ത് കുന്നത്തൂർ താലൂക്കിലെ ജനങ്ങളുടെ ജീവനാഡിയായിരുന്ന ഒരു ബസ് സർവീസ് ഉണ്ടായിരുന്നു. 1962 മുതൽ ചങ്ങനാശ്ശേരി - ശാസ്താംകോട്ട റൂട്ടിൽ സഹകരണ മേഖലയിൽ (KCT) പ്രവർത്തിച്ചിരുന്ന ആ ബസ് സർവീസ് ഒരു ദിവസം പോലും മുടങ്ങാതെ പതിറ്റാണ്ടുകളോളം ജനങ്ങൾക്ക് ആശ്രയമായിരുന്നു. മധ്യ തിരുവിതാംകൂറിലെ പ്രധാന മാർക്കറ്റുകളായ ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളെയും, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഈ സർവീസ് ബന്ധിപ്പിച്ചിരുന്നു. എന്നാൽ, ലോകത്തെയാകെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ വരവോടെ ഈ സുപ്രധാന സർവീസ് നിലച്ചുപോയി. അതിനുശേഷം ഒരു ബദൽ സംവിധാനം പോലും ഒരുക്കാൻ കുന്നത്തൂർ താലൂക്കിന് കഴിഞ്ഞിട്ടില്ല എന്നത് അങ്ങേയറ്റം ഖേദകരമാണ്. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാകുമ്പോൾ, കുന്നത്തൂർ താലൂക്കിന് മാത്രം ഈ അവഗണന നേരിടേണ്ടി വരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ശക്തമായി ഉയർന്നുവരുന്നു. ഇത് പ്രാദേശിക ഭരണകൂടത്തിൻ്റെയും ജനപ്രതിനിധികളുടെയും കാര്യക്ഷമതയെക്കുറിച്ചുള്ള സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്.

advertisement

കേരളത്തിലെ ഒരു പ്രധാന താലൂക്ക് ആസ്ഥാനമായിട്ടുപോലും, ശാസ്താംകോട്ടയിൽ നിന്ന് തലസ്ഥാനമായ തിരുവനന്തപുരത്തേക്കോ, കേരളത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തേക്കോ ഒരു നേരിട്ടുള്ള ബസ് സർവീസ് പോലും നിലവിലില്ല എന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. വികസനത്തെക്കുറിച്ച് പറയുമ്പോൾ എല്ലാം വാരിക്കോരി നൽകി എന്ന് അവകാശപ്പെടുന്ന എം.എൽ.എയ്ക്ക് ഈ വസ്തുതയുടെ മുമ്പിൽ നെഞ്ചിൽ കൈവെച്ച് സത്യം പറയാൻ കഴിയുമോ എന്ന ചോദ്യം ജനങ്ങൾ ഉന്നയിക്കുകയാണ്. ഒരുകാലത്ത് നിരവധി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന പ്രധാന റൂട്ടായിരുന്നു കുന്നത്തൂർ താലൂക്ക്. തിരുവനന്തപുരം - കുന്നത്തൂർ ഫാസ്റ്റ് പാസഞ്ചർ, നെയ്യാറ്റിൻകര - ഭരണിക്കാവ് ഫാസ്റ്റ്, ശാസ്താംകോട്ട - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ശാസ്താംകോട്ട - ഗുരുവായൂർ ഫാസ്റ്റ് തുടങ്ങിയ ജനപ്രിയ സർവീസുകളെല്ലാം ഇപ്പോൾ ഓർമ്മ മാത്രമാണ്. ഇത് താലൂക്കിൻ്റെ ഗതാഗത മേഖലയിലുണ്ടായ വലിയൊരു പിന്നോട്ട് പോക്കിനെയാണ് അടയാളപ്പെടുത്തുന്നത്.

advertisement

മുൻപ് ശാസ്താംകോട്ട വഴി നല്ല വരുമാനം ലഭിച്ചിരുന്ന കൊല്ലം - ചിറ്റാർ, കൊല്ലം - തേക്കടി, കൊല്ലം - നൂറനാട്, കൊല്ലം - അടൂർ തുടങ്ങിയ ദീർഘദൂര ബസ് സർവീസുകൾ നിർത്തലാക്കിയത് യാത്രാക്ലേശം അതിരൂക്ഷമാക്കിയിരിക്കുകയാണ്. നിലവിൽ രാത്രി 7 മണി കഴിഞ്ഞാൽ കൊട്ടാരക്കര, പത്തനംതിട്ട, കുണ്ടറ, മാവേലിക്കര തുടങ്ങിയ പ്രധാന ഭാഗങ്ങളിലേക്ക് പോകാൻ ഒരു കെ.എസ്.ആർ.ടി.സി. സർവീസ് ബസ് പോലും ലഭ്യമല്ല. കൊല്ലത്ത് നിന്ന് രാത്രി 7:30-ന് പത്തനംതിട്ടയിലേക്ക് പോകുന്ന ബസ് പോയിക്കഴിഞ്ഞാൽ, പിന്നീട് യാത്രക്കാർക്ക് ഓട്ടോറിക്ഷയോ ടാക്സിയോ ഷെയർ ചെയ്ത് പോകേണ്ട ദുരവസ്ഥയാണ്. ഇത് സാമ്പത്തികമായി വലിയ ഭാരം വരുത്തിവെക്കുന്നതിനോടൊപ്പം, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷാ പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്. ജോലി കഴിഞ്ഞു മടങ്ങുന്നവരും, ചികിത്സാവശ്യങ്ങൾക്കായി പോകുന്നവരും, വിദ്യാർത്ഥികളും ഈ ദുരിതം നിത്യേന അനുഭവിക്കുകയാണ്.

advertisement

എം.എൽ.എയുടെ ഓഫീസ് പ്രവർത്തിക്കുന്ന ശാസ്താംകോട്ടയിൽ പോലും ശാസ്താംകോട്ടയിലേക്ക് പെർമിറ്റുള്ള എത്ര ബസുകളാണ് കൃത്യമായി സർവീസ് നടത്തുന്നത് എന്നതും ഒരു വലിയ ചോദ്യചിഹ്നമാണ്. പലപ്പോഴും ശാസ്താംകോട്ടക്ക് പെർമിറ്റുള്ള ബസുകൾ ഭരണിക്കാവ് ജംഗ്ഷനിൽ വെച്ച് യാത്ര അവസാനിപ്പിക്കുന്നത് പതിവാണ്. ഇത് ശാസ്താംകോട്ടയിലേക്കും അവിടുന്ന് മറ്റ് സ്ഥലങ്ങളിലേക്കും പോകേണ്ട യാത്രക്കാർക്ക് അധിക പണം മുടക്കി മറ്റൊരു ബസ് പിടിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു.

കെ.എസ്.ആർ.ടി.സി. ഷെഡ്യൂളുകളിലെ ഈ അപാകതകൾ ജനങ്ങളോടുള്ള വ്യക്തമായ അവഗണനയായി മാത്രമേ കാണാൻ സാധിക്കൂ. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ മനസ്സിലാക്കാൻ കഴിയാതെ, തങ്ങളെല്ലാം തികഞ്ഞവരാണെന്ന് കരുതുന്നത് ജനപ്രതിനിധികൾ പുനർവിചിന്തനം ചെയ്യണമെന്ന് നാട്ടുകാർ വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് ജനാധിപത്യ ഭരണകൂടത്തിൻ്റെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലായി ജനങ്ങൾ വിലയിരുത്തുന്നു.

advertisement

ഈ ഗുരുതരമായ സാഹചര്യത്തിൽ, ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയോട് കുന്നത്തൂർ താലൂക്കിലെ ജനങ്ങൾ ഒരു അടിയന്തര ആവശ്യം ഉന്നയിക്കുന്നു: കൊല്ലത്ത് നിന്ന് ആരംഭിച്ച് ചവറ, ടൈറ്റാനിയം ജംഗ്ഷൻ, ശാസ്താംകോട്ട, ഭരണിക്കാവ്, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി കോട്ടയം വരെ നീളുന്ന ഒരു പുതിയ കെ.എസ്.ആർ.ടി.സി. സർവീസ് അടിയന്തരമായി ആരംഭിക്കണം. ഈ സർവീസ് മധ്യ തിരുവിതാംകൂറിലെയും തെക്കൻ കേരളത്തിലെയും പ്രധാന നഗരങ്ങളെയും, ആരാധനാലയങ്ങളെയും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും (ഉദാഹരണത്തിന് ശാസ്താംകോട്ട കായൽ) പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കും. ഇത് യാത്രാസൗകര്യം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, പ്രദേശത്തിൻ്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകൾക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും.

ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയും എം.എൽ.എമാരും എം.പിമാരും ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തി, കുന്നത്തൂർ താലൂക്കിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുന്നു. കുന്നത്തൂർ താലൂക്കിൻ്റെ ഗതാഗത സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാകാനായി ഇവിടുത്തെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Kollam/
ഗതാഗത പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കുന്നത്തൂർ താലൂക്ക്; ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
Open in App
Home
Video
Impact Shorts
Web Stories