പഴയകാലങ്ങളിൽ ചെറിയ പൊത്തിൽ വിളക്ക് കത്തിക്കുകയായിരുന്നു പതിവ്. പിന്നീട് ക്ഷേത്ര പുനരുദ്ധാരണം നടന്നു. പഞ്ചവാകത്തറ കെട്ടി അമ്പലത്തറയായി സ്ഥാപിച്ചു. കൂടാതെ ഗണപതി, മൂർത്തി, ചാവർ, പാർവതി, ശിവൻ എന്നിവരും പ്രതിഷ്ഠകളായി ഉണ്ട്. കന്നിമൂലയിൽ നാഗരാജാവും യക്ഷിയമ്മയും ചിത്രകൂടനും ഉണ്ട്. അപ്പുപ്പന് നിവേദ്യമായി മുറുക്കാനും മദ്യവുമാണ് അർപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മലയാളമാസം ഒന്നാം തീയ്യതിയും ഔഷധക്കഞ്ഞി ഇവിടെ തയ്യാറാക്കുന്നു. ക്ഷേത്രത്തിന് ചുറ്റും ഏകദേശം നൂറോളം വലിയ നെല്ലിമരങ്ങൾ ഉണ്ട്. ഏത് സമയത്തും ഇവിടെ നെല്ലിമരത്തിൽ കായ്കൾ ഉണ്ടാകും. ഈ കായ്കൾ പറിച്ചെടുത്ത് അപ്പൂപ്പന് സമർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലീകരിക്കും എന്ന വിശ്വാസമുണ്ട്. നെല്ലിമരത്തിൽ ആളുകൾ അവരുടെ ആഗ്രഹങ്ങൾ പേപ്പറിൽ എഴുതി നറുക്കായി കെട്ടിയാൽ കാര്യസാധ്യം ഉണ്ടാകുമെന്ന വിശ്വാസവുമാണ്ട്. സന്താനഭാഗ്യം, മാരണ ദോഷം, കരിനാവേറ്, സർപ്പദോഷം, എന്നിവ മാറാനും, ജോലി, വീട് എന്നിവ പോലുള്ള ആഗ്രഹങ്ങൾ നിറവേറാനും ഭക്തിയോടെ അപ്പൂപ്പനെ ദർശിച്ചാൽ മതിയെന്ന് പറയപ്പെടുന്നു.
advertisement
അപ്പുപ്പൻകുന്നിലേക്കുള്ള യാത്രയിൽ ധാരാളം വീടുകൾ നമുക്ക് കാണാൻ കഴിയും. തനത് ഗ്രാമീണ ഭംഗിയോടുകൂടിയുള്ള ഒരു പ്രദേശമാണിത്. അപ്പൂപ്പൻകുന്നിലേക്കുള്ള പ്രധാന പ്രവേശന കവാടത്തിലേക്ക് എത്തുമ്പോൾ 500 അടി ഉയരത്തിലുള്ള ഒരു കുത്തനെ കയറ്റമുണ്ട്. ഇരുചക്രവാഹനങ്ങൾ കയറി പോകും. മലമുകളിൽ എത്തിക്കഴിഞ്ഞാൽ നമുക്ക് നൽകുന്ന ആത്മീയ അനുഭൂതി വളരെ വലുതാണ്. ചുറ്റും മലനിരകളും, സൂര്യപ്രകാശവും, മന്ദമായി വീശുന്ന കാറ്റും, പ്രകൃതി സൗന്ദര്യം വിളിച്ചോതുന്നു. നാനാ ജാതി മതസ്ഥർ അവരുടെ ആഗ്രഹപൂർത്തീകരണത്തിന് അപ്പൂപ്പനെ ദർശനം നടത്തുന്നു.
അപ്പൂപ്പന് വേണ്ടി സ്വജീവിതം സേവനത്തിന് സമർപ്പിച്ചിരിക്കുകയാണ് സുബിൻ തിരുമേനി. 2011 മുതൽ അദ്ദേഹത്തിൻ്റെ സേവനം മലമുകളിൽ ഉണ്ട്. ക്ഷേത്ര മേൽശാന്തി കൂടിയാണദ്ദേഹം. ക്ഷേത്രത്തിൽ വരുന്ന ഭക്തന്മാരെ പുഞ്ചിരിയോടെ സ്വീകരിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അവർക്ക് വേണ്ടുന്ന വഴിപാടുകൾ നടയിൽ ചെയ്തുകൊടുക്കുകയും ചെയ്യുന്നു. കുന്നിൽ അപ്പൂപ്പൻ ഭക്തരിൽ നൽകുന്ന ഊർജ്ജം സുബിൻ തിരുമേനിയിലും നമുക്ക് ദർശിക്കാൻ കഴിയും. ക്ഷേത്ര നട തുറക്കുന്നത് രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകിട്ട് 4.30 മുതൽ 7 മണി വരെയുമാണ്.
