റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്തു. മാത്യു കുഴൽനാടനാണ് ഒന്നാംപ്രതി. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു നാടകീയ രംഗങ്ങൾ.
മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചു. എന്നാൽ പൊലീസ് അവരെയെല്ലാം ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.
advertisement
ജനപ്രതിനിധികളെയും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം ബലം പ്രയോഗിച്ച് നീക്കിയതിനു ശേഷമാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തു. കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടന്നത്.