നിലവിൽ യൂറോപ്യൻ മാസ്റ്റേഴ്സ് ഗെയിംസ് വരെ എത്തിനിൽക്കുന്ന കുര്യൻ ജേക്കബിൻ്റെ നീന്തൽക്കഥ ആവേശത്തിരയിളക്കമാണ്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കേണ്ട പ്രായത്തിൽ, ലോകം നീന്തിക്കാണാൻ തീരുമാനിച്ച ഈ 74-കാരൻ ഒരേസമയം അമ്പരപ്പും അതിശയവുമാണ്. കുട്ടിക്കാലത്ത് ആറ്റിൽ ചാടി നീന്തിത്തുടിച്ച കൊച്ചു പയ്യൻ, ഇന്നും അതേ ലാഘവത്തോടെയാണ് കുതിക്കുന്നത്.
40 വർഷമായി വിവിധ രാജ്യങ്ങളിൽ ബാങ്കറായി ജോലി ചെയ്തിരുന്ന ആളാണ് കുര്യൻ ജേക്കബ്. 2017ൽ വിരമിച്ചതിന് ശേഷം 70ആം വയസിൽ തൻ്റെ കൂട്ടുകാർ വഴിയാണ് കുര്യൻ ജേക്കബ് മാസ്റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തെ കുറിച്ച് അറിയുന്നത്. പിന്നെ അതിലേക്കായി ശ്രദ്ധ. ഊണും ഉറക്കവും ഇല്ലാതെ കഠിനപ്രയത്നവും നീന്തൽ പരിശീലനവും.
advertisement
ഒടുവിൽ, സംസ്‌ഥാന തലത്തിലെ ആദ്യ മൽസരത്തിൽ തന്നെ വിജയം. 2021 ആയപ്പോഴേക്കും ദേശീയ തലത്തിൽ തന്നെ ഇരുപതോളം മെഡലുകൾ. 2023ൽ ഫിൻലൻഡിൽ നടന്ന യൂറോപ്യൻ മാസ്‌റ്റേഴ്‌സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്ന് വെള്ളിയും രണ്ടു വെങ്കലവും നേടി. 2024 മേയിൽ ഹൈദരാബാദിൽ നടന്ന ദേശീയ മാസ്റ്റേഴ്സ‌്ഗെയിംസിൽ 50, 100, 200, 400 ഫ്രീസ്‌റ്റൈൽ, ബ്രസ്‌റ്റ് സ്ട്രോക്ക് എന്നിങ്ങനെ പങ്കെടുത്ത അഞ്ചിനങ്ങളിലും സ്വർണം നേടി വ്യക്‌തിഗത ചാംപ്യനായി.
സ്‌കൂൾ തലം മുതലേ ഡിസ്‌കസ് ത്രോ, ജാവലിൻ, റിലേ, ഷോട്പുട്ട്, തുടങ്ങി എല്ലാത്തിലും മിന്നും താരമായിരുന്നു കുര്യൻ. 23ആം വയസിൽ ഫെഡറൽ ബാങ്കിൽ ജോലി നേടി. ഇഷ്ടമായ നീന്തൽ ഔദ്യോഗിക ജീവിതത്തിലും മറന്നില്ല. പല രാജ്യങ്ങളിൽ ജോലി ചെയ്യുമ്പോഴും ഒരുമണിക്കൂർ നീന്തൽ അത് നിർബന്ധമായിരുന്നു. റിട്ട. അധ്യാപികയായ ഭാര്യ സുനു കുര്യനുമൊത്തുള്ള വിശ്രമജീവിതത്തിലും ആ ശീലം തുടരുന്നു.
ഇപ്പോൾ ഒന്നല്ല മണിക്കൂറുകളോളം നീന്തൽ തുടരും നീന്തി കരക്കെത്തിയാൽ മധുരമിടാത്ത ഒരു കപ്പ് കട്ടൻകാപ്പി, വൈകിട്ട് ജിമ്മിൽ പോയി നീന്തലിന് ആവശ്യമായ ബോഡി ബിൽഡിങ് എന്നിങ്ങനെ പോകുന്നു ദിനചര്യ. സ്വന്തമായി പഠിച്ച നീന്തൽ തൻ്റെ എഴുപതുകളിൽ കുര്യൻ മിനുക്കിയെടുത്തത് യൂട്യൂബ് വീഡിയോകൾ വഴിയാണ്. ഈ മാസം അമേരിക്കയിലെ ക്ളീവൻ ലാൻഡിൽ നടക്കുന്ന പാൻ അമേരിക്കൻ മീറ്റിന് രജിസ്‌റ്റർ ചെയ്‌തിരിക്കുകയാണ് കുര്യൻ. അടുത്തവർഷം തായ്‌വാനിൽ നടക്കുന്ന വേൾഡ് മാസ്‌റ്റേഴ്‌സ് മീറ്റ് എന്ന സ്വപ്‌നത്തിലേക്കാണ് ഇനി കുര്യൻ നീന്തിയടുക്കുന്നത്.