ചൂണ്ടയിടൽ മത്സരത്തിനുള്ള മത്സരാർത്ഥികൾ പലഭാഗത് നിന്നും വന്നു രജിസ്റ്റർ ചെയ്തു ചെസ്റ്റ് നമ്പറുകൾ കുത്തി മത്സരത്തിന് തയ്യാറെടുക്കുന്നു. അപ്പോൾ അതാ ചെസ്റ്റ് നമ്പർ 109-മായി മേരികുട്ടിയമ്മ കയറി വരുന്നത്. 50 ഓളം പേർ പങ്കെടുത്ത മത്സരത്തിലെ ഒരേഒരു വനിതാ മത്സരാർത്ഥി, റിട്ടേർഡ് നഴ്സ് കൂടിയായ 81 വയസുകാരി തിരുവമ്പാടി കണിയാം പറമ്പിൽ മേരികുട്ടിയമ്മ.
advertisement
ചൂണ്ടയിടാൻ ഇര കോർക്കുന്നതു കണ്ടാലറിയാം ചെറുപ്പം മുതലേ ചൂണ്ടയിടലിൽ താല്പര്യം ഉള്ള ആളാണെന്ന്. 45 മിനിറ്റു സമയം ആണ് മത്സരത്തിനുള്ളത്. പിടിക്കുന്ന മത്സ്യങ്ങളുടെ എണ്ണമായിരുന്നു വിജയത്തിനുള്ള മാനദണ്ഡം.
പല ഭാഗങ്ങളിലായി ചൂണ്ടയിട്ടു നോക്കിയെങ്കിലും മീനൊന്നും ചൂണ്ടയിൽ കുടുങ്ങിയില്ല. എന്നാൽ മീൻ കിട്ടാത്തിൽ മേരികുട്ടിയമ്മക്ക് സങ്കടവും ഇല്ല. മത്സരം ശേഷം മത്സരത്തിൽ പങ്കെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ ആളുടെ മറുപടി ഇതായിരുന്നു .
“ചൂണ്ടയിടാൻ ഏറെ ഇഷ്ടമാണ്. അതുക്കൊണ്ടാണ് മത്സരത്തിനു വന്നത്. വളരെ ഇൻട്രസ്റ്റിങ്ങായിരുന്നു ഈ അനുഭവം. മീൻ കിട്ടിയില്ല, അതിനൊന്നുമില്ല. അടുത്ത തവണ പിടിക്കാലോ”
ഏതായാലും മത്സരത്തിന് വന്നവർക്കും കാണികൾക്കും ഈ 81 കാരി ഒരു ആവേശം തന്നെയായിരുന്നു .അടുത്ത മത്സരത്തിൽ എന്തായാലും താൻ തൻ്റെ കരുത്ത് തെളിയിക്കുമെന്ന വാശിയോടെ ആണ് മേരി കുട്ടിയമ്മ തിരിച്ചുപോയത്.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ചൂണ്ടയിട്ട് പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു .മത്സരത്തിൽ ഓമശ്ശേരി സ്വദേശി ജിർഷാദ് 15 മീനുകൾ പിടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി.