കോഴിക്കോട് ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഈ തള്ളിക്കയറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ. കോഴിക്കോട് സംഭവം ഇടതു കേന്ദ്രങ്ങൾ സൈബർ ഇടങ്ങളിൽ സജീവ ചർച്ചയാക്കി മാറ്റുന്നതിനിടയിലാണ് പൊതുപരിപാടികൾക്ക് പെരുമാറ്റ ചട്ടം നടപ്പിലാക്കാനുള്ള നേതൃത്വത്തിന്റെ ആലോചന. ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ അതത് ജില്ലകളിൽ നടക്കുമ്പോൾ ഡിസിസികൾക്ക് ആകും പെരുമാറ്റ ചട്ടം ഉറപ്പുവരുത്തേണ്ട ചുമതല. പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുന്ന വിധത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരായ തുടർ നടപടി നേതൃത്വം തീരുമാനിക്കും.
advertisement
പൊതുപരിപാടികളുടെ സുഗമമായ നടത്തിപ്പിന് പെരുമാറ്റചട്ടം കൊണ്ടുവരുന്ന കാര്യം നേരത്തെ തന്നെ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഒരു വിഭാഗം നേതാക്കൾ ഇതിനെ എതിർത്തതോടെയാണ് നീക്കം പരാജയപ്പെട്ടത്. അതേസമയം വിമർശനങ്ങൾക്ക് വഴിവെച്ച കോഴിക്കോട്ടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇപ്പോഴും മൗനം തുടരുകയാണ്.