കെഎസ്ഇബി ജീപ്പുമായി ഇപ്പോള്‍ റോഡിലിറങ്ങുന്നത് വളരെ കരുതലോടെയാണ്. കാസർഗോഡ് കെഎസ്ഇബിയുടെ വാഹനത്തിന് 3,250 രൂപ എംവിഡി പിഴയിട്ടു. കെഎസ്ഇബി ഫ്യൂസ് ഊരിയതിനെത്തുടര്‍ന്ന് മട്ടന്നൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫീസിലെ മൂന്ന് വാഹനങ്ങള്‍ കട്ടപ്പുറത്തായി.
Also Read- ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി ജീപ്പിന് 20,500 രൂപ പിഴയിട്ട് എഐ ക്യാമറ
തൊഴിലിടങ്ങളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന മഞ്ഞ ഹെല്‍മെറ്റിനും റോഡില്‍ പിഴവന്നതായി വൈദ്യുതിവകുപ്പ് ജീവനക്കാര്‍ പറയുന്നു. തലയുടെ മുകള്‍ഭാഗം മാത്രം സുരക്ഷിതമാക്കുന്ന ഇത്തരം ഹെല്‍മെറ്റ് റോഡ് യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാടിലാണ് മോട്ടോര്‍വാഹന വകുപ്പ്. അറ്റകുറ്റപ്പണി, ലൈന്‍ നിരീക്ഷണം എന്നിവയ്ക്ക് ഇരുചക്രവാഹനത്തില്‍ പോകുന്ന ജീവനക്കാര്‍ രണ്ടുതരം ഹെല്‍മെറ്റുമായി പോകേണ്ട അവസ്ഥയിലാണ്.
advertisement
മട്ടന്നൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഓഫീസിലെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് മുഴുവന്‍ തീര്‍ന്ന് കട്ടപ്പുറത്താണ്. കെഎസ്ഇബി ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്നാണ് ഇത്. 57,000 രൂപ വിവിധ മാസങ്ങളിലായി വൈദ്യുതിബില്ലായി അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ബില്‍ തുക ഉടന്‍ അടയ്ക്കുമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read- തോട്ടിയ്ക്ക് പിഴയിട്ട ശേഷം KSEB മൂന്നാമത്തെ MVD ഓഫീസിന്റെ ഫ്യൂസൂരി
വൈദ്യുതിവകുപ്പിനുവേണ്ടി ഓടുന്ന വാഹനത്തില്‍ കെഎസ്ഇബി എന്ന ബോര്‍ഡ് വെച്ചതിന് ഏറ്റവും ഒടുവിൽ എംവിഡി പിഴയിട്ടത്. കെഎസ്ഇബിയുടെ കാസർഗോഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ കാറിനാണ് പിഴയിട്ടത്. ആര്‍ടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി ബോര്‍ഡ് വെച്ചതാണ് കാരണം. 3250 രൂപയാണ് പിഴ. പെര്‍മിറ്റില്‍ അനുവദിക്കാത്ത ആവശ്യത്തിന് വാഹനം ഉപയോഗിച്ചുവെന്നും നോട്ടീസിലുണ്ട്.
വെള്ളിയാഴ്ച കാസർഗോഡ് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്കുള്ള വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. രണ്ടുമാസത്തെ ബില്‍ തുക കുടിശ്ശികയുണ്ടെന്നാണ് കെഎസ്ഇബി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കാസർഗോഡ് എംവിഡി വൈദ്യുതിവകുപ്പിന്റെ വാഹനത്തിന് പിഴയിട്ടത്.