ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‌റെ പ്രസ്താവന. കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസെഷൻ പുതുക്കാനായി എത്തിയ വിദ്യാർഥിനിക്കും പിതാവിനും കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽ നിന്ന് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിൽ മാപ്പു പറഞ്ഞുകൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
Also Read-KSRTC ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
പെണ്‍കുട്ടിയ്ക്കും പിതാവിനും നേരിടേണ്ടിവന്ന ആക്രമണത്തിൽ സ്ഥാപനത്തിന്‍റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി ബിജു പ്രഭാകർ പോസ്റ്റിൽ കുറിച്ചു. അത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജുവിരാജുവിന്റെയും സർക്കാരിന്റേയും നിലപാട് ഇത് തന്നെയാണെന്നും ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
Also Read-മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച സംഭവം; നാല് KSRTC ജീവനക്കാരെ സസ്പെൻഡ് ചെയ്തു
ബിജു പ്രഭാകറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. പ്രസ്തുത സംഭവത്തിൽ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെഎസ്ആർടിസി എന്ന മഹാ പ്രസ്ഥാനത്തിൽ. കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്‍റനന്‍സ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം. തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നd പോന്നിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്.
ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്‍റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്‍നം എന്ന് ഏവരും മനസ്സിലാക്കണം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്‍റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആൻറണി രാജുവിന്‍റെയും ഗവൺമെന്‍റിന്‍റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെന്‍റ് നൽകിയിട്ടുള്ള നിർദ്ദേശം.
ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുന്നു. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം ഉണ്ടാകേണ്ടതാണ്, എന്നാൽ ഏത് സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻറെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.