TRENDING:

കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ

Last Updated:

ദോത്തി ചാലഞ്ച്, കത്വ-ഉന്നാവോ ഫണ്ട് എന്നിവയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപയിൽ ഫിറോസ് കൃത്രിമം കാണിച്ചെന്നും, അതിലൂടെയാണ് ഈ സാമ്പത്തിക വളർച്ച നേടിയതെന്നും ജലീൽ ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: യു.ഡി.എഫ്. യുവജന നേതാക്കള്‍ രാഷ്ട്രീയത്തിൽ പുതിയൊരു മാഫിയാ സംസ്‌കാരം കൊണ്ടുവരികയാണെന്ന് കെ.ടി. ജലീൽ എം.എൽ.എ. ധനം സമ്പാദിച്ചാൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവ നേതാക്കൾ കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ അഭിമാനത്തിനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ യുവനേതാക്കൾ അവ ചവിട്ടിമെതിക്കുന്നവരായി മാറുന്നത് അങ്ങേയറ്റം അപകടകരമാണെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
News18
News18
advertisement

മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിൻ്റെ ധനസമ്പാദനത്തെക്കുറിച്ച് ലീഗ് പ്രവർത്തകർ തന്നെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതായി ജലീൽ പറഞ്ഞു. പ്രത്യക്ഷത്തിൽ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാതിരുന്ന ഫിറോസ് ഇപ്പോൾ ലക്ഷപ്രഭുവായി മാറിയത് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണെന്നാണ് ആരോപണം. കോഴിക്കോട് 'ബ്ലൂഫിൻ' ട്രാവൽ ഏജൻസി, 'ബ്ലൂഫിൻ വില്ലാ പ്രൊജക്ട്', 'യമ്മി ഫ്രൈഡ് ചിക്കൻ' തുടങ്ങിയ കച്ചവട സംരംഭങ്ങളിലും ഫിറോസിന് പങ്കാളിത്തമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ 'ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിംഗ് എൽ.എൽ.സി.' എന്ന കമ്പനിയിൽ പി.കെ. ഫിറോസ് സെയിൽസ് മാനേജരായി പ്രവർത്തിക്കുന്നുണ്ടെന്നും, പ്രതിമാസം ഏകദേശം 5.25 ലക്ഷം ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു. ഇത് ഫിറോസിനുള്ള ഓഹരിയുടെ ലാഭവിഹിതമാണെന്നും, ദുബായിയിലേക്ക് റിവേഴ്സ് ഹവാല വഴി പണം കടത്തിയാണ് ഈ സ്ഥാപനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് 25 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് സത്യവാങ്മൂലം നൽകിയിരുന്ന സ്ഥാനത്ത്, മൂന്നു വർഷം കൊണ്ട് ഇത്ര വലിയ സാമ്പത്തിക വളർച്ച നേടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. 'ദോത്തി ചാലഞ്ച്', 'കത്വ-ഉന്നാവോ ഫണ്ട്' എന്നിവയിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപയിൽ ഫിറോസ് കൃത്രിമം കാണിച്ചെന്നും, അതിലൂടെയാണ് ഈ സാമ്പത്തിക വളർച്ച നേടിയതെന്നും കെ.ടി. ജലീൽ ആരോപിച്ചു.

വളർന്നുവരുന്ന യുവനേതാക്കൾ മാഫിയാ രാഷ്ട്രീയത്തിൻ്റെ വക്താക്കളാകുന്നത് കേരളത്തിൻ്റെ പൊതുപ്രവർത്തന പൈതൃകത്തിന് കളങ്കമാണെന്ന് കെ.ടി. ജലീൽ പറഞ്ഞു. ഇത്തരക്കാരെ മുളയിലേ നുള്ളിയില്ലെങ്കിൽ ഈ പ്രവണത പാർട്ടിയെ മുഴുവൻ പിടികൂടുമെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കാണിച്ച മാന്യത ലീഗ് കാണിക്കണമെങ്കിൽ പി.കെ. ഫിറോസിനെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും ജലീൽ ആവശ്യപ്പെട്ടു.

advertisement

അതേസമയം, വാർത്താസമ്മേളനത്തിനിടെ മന്ത്രിയായിരുന്നപ്പോൾ നടന്ന ബന്ധു നിയമന വിവാദത്തെക്കുറിച്ചും ജലീൽ സംസാരിച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജരായി ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് തൻ്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമായതെന്നും എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഖുർആൻ ഉയർത്തിപ്പിടിച്ച് ജലീൽ സത്യം ചെയ്തു. കെ.ടി. അദീപ് ഇപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീൽ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളപ്പണക്കാരായ പുഴുക്കുത്തുകളെ ലീഗ് പുറത്താക്കണം; പി.കെ. ഫിറോസിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ
Open in App
Home
Video
Impact Shorts
Web Stories