മലപ്പുറം: വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ടി ജലീൽ വീണ്ടും തവനൂരിൽ മത്സരിച്ചേക്കും. ജലീലിനെ മുൻനിർത്തി യുഡിഎഫിനെതിരെ എൽഡിഎഫ് നീക്കം ശക്തമാക്കി കഴിഞ്ഞു. ഇതോടെ കെ ടി ജലീൽ നാലാമതും തവനൂരിൽ മത്സരിക്കാൻ സാധ്യതയേറുകയാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 2നായിരുന്നു ജലീൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ മാസങ്ങൾക്കപ്പുറം സാഹചര്യങ്ങൾ മാറിമറിയുകയാണ്. തവനൂർ മണ്ഡലത്തിൽ ജലീലിനല്ലാതെ മറ്റാർക്കും ജയിച്ചു കയറാനാകില്ലെന്ന് പാർട്ടി വിലയിരുത്തലാണ് ഇതിൽ പ്രധാനം.
advertisement
താനൂരിൽ നിന്ന് വി അബ്ദുറഹ്മാനെ തവനൂരിലേക്ക് മാറ്റാനുള്ള ആലോചനകൾ നടന്നെങ്കിലും വി അബ്ദുറഹ്മാൻ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. പൂർണമായും എൽഡിഎഫ് മണ്ഡലം അല്ലാത്ത തവനൂരിൽ യുഡിഎഫിൽ നിന്നു കൂടി വോട്ട് സമാഹരിച്ചാണ് ജയിലിൽ വിജയിച്ചു കയറുന്നത്. മറ്റൊരാൾക്ക് അത് സാധ്യമായേക്കില്ലെന്ന പാർട്ടിയുടെ വിലയിരുത്തലും ഇതിൽ നിർണായകമാണ്.
വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് 'പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കാൻ തയാറാണെന്നായിരുന്നു' ജലീലിന്റെ മറുപടി. നിലപാടുകളിലെ മാറ്റം മറുപടിയിലും വ്യക്തം.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സാമ്പത്തിക തട്ടിപ്പ് , ലഹരി മരുന്നുമായി ബന്ധപ്പെട്ടുള്ള കേസിൽ പി കെ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റ്, വയനാട്ടിലെ മുസ്ലിംലീഗിന്റെ പുനരധിവാസ ഭൂമിയിലെ പ്രശ്നങ്ങൾ തുടങ്ങി സ്വകാര്യ ട്രസ്റ്റുകളുടെയും സംഘടനകളുടെയും തലപ്പത്ത് പാണക്കാട് തങ്ങന്മാർ വരുന്നതിനെതിരെ വരെ ജലീൽ വിമർശനമുന്നയിച്ചു കഴിഞ്ഞു.
സിപിഎം പലപ്പോഴും പറയാൻ മടിക്കുന്ന, അല്ലെങ്കിൽ മയപ്പെട്ട ഭാഷയിൽ പറയുന്ന കാര്യങ്ങളിലാണ് ജലീൽ തുറന്നടിക്കുന്നത്. മുസ്ലിം ലീഗിന് എതിരായ ഈ വിമർശനങ്ങളെ എൽഡിഎഫ് ഏറ്റെടുക്കുകയും ജലീലിനെ ഇതിന്റെ മുന്നണി പോരാളിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതോടെ തവനൂരിൽ നാലാമങ്കത്തിനും ജലീൽ ഇറങ്ങും എന്നതിന്റെ സാധ്യതകൾ തന്നെയാണ് തെളിയുന്നത്.