TRENDING:

സംഘികളും കൃസംഘികളും ആയുധമാക്കുമെന്നതിനാൽ നമ്മുടെ ഭാഗത്തെ തെറ്റുകൾ പറയാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്? കെ.ടി ജലീൽ

Last Updated:

മലബാറിലെ മയക്കുരുന്ന് കേസുകളിൽ പിടിക്കപ്പെട്ട 200 പേരിൽ 61 ശതമാനവും മുസ്ലീം പേരുള്ളവരാണെന്ന് കെ.ടി ജലീൽ‌

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ ലഹരിക്കേസുകളിൽ മുസ്ലീം സമുദായത്തെ തിരുത്തണമെന്ന നിലപാടിൽ ഉറച്ച് മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ. മലപ്പുറം ജില്ലാ 'വിസ്ഡ'ത്തിൻ്റെ ഇഫ്താർ ചടങ്ങിൽ അദ്ദേഹം സംസാരിച്ച വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ നിരവധിപേർ മുസ്ലീം സമുദായത്തെ ജലീൽ കുറ്റപ്പെടുത്തുന്നു എന്ന രീതിയിൽ നിരവധിപേർ രം​ഗത്ത് വന്നിരുന്നു.
News18
News18
advertisement

ഇവർക്കെല്ലാവർ‌ക്കുമുള്ള മറുപടി എന്ന നിലയിലാണ് റഫീഖ് ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. 'റഫീഖ് പാറക്കൽ' എന്നൊരാൾ കെ.ടി ജലീലിന്റെ കമൻറ് ബോക്സിൽ ഇട്ട കുറിപ്പിനുള്ള മറുപടിയാണ് മുഖപുസ്തക പേജിൽ പോസ്റ്റ് പങ്കുവച്ചത്. ഈ കുറിപ്പിലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി ജലീൽ പറയുന്നുണ്ട്. മലബാറിലെ മയക്കുരുന്ന് കേസുകളിൽ പിടിക്കപ്പെട്ട 200 പേരിൽ 61 ശതമാനവും മുസ്ലീം പേരുള്ളവരാണ്. ഇവർക്ക് മതപഠനവും കിട്ടിയിട്ടുണ്ട്. എന്നിട്ടും, ഈ രീതിയിൽ പ്രവർത്തിക്കുന്നതിന്റെ കാരണങ്ങളാണ് വിശദീകരിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

advertisement

പ്രിയപ്പെട്ട റഫീഖ് പാറക്കൽ,

വസ്സലാം. പി.എസ്.എം.ഒ കോളേജ് സഹപാഠിയായ താങ്കൾ എൻ്റെ മുൻ പോസ്റ്റിൻ്റെ കമൻറ് ബോക്സിൽ ഇട്ട കുറിപ്പിനുള്ള മറുപടിയാണ് മുഖപുസ്തക പേജിൽ പോസ്റ്റ് ചെയ്യുന്നത്. മലപ്പുറം ജില്ലാ 'വിസ്ഡ'ത്തിൻ്റെ ഇഫ്താർ ചടങ്ങിൽ ഞാൻ നടത്തിയ പ്രസംഗമാണല്ലോ താങ്കളുടെ എഴുത്തിൻ്റെ അടിസ്ഥാനം.

മത വിദ്യാഭ്യാസം കിട്ടുന്ന ജനവിഭാഗം എന്ന നിലയിൽ മുസ്ലിങ്ങളെ തെറ്റുകാരുടെ കൂട്ടത്തിൽ ഒന്നു പോലും കാണാൻ പാടില്ലെന്ന അതിമോഹമാണ് എൻ്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിൻ്റെ ആധാരം. സമീപകാലത്ത് നടന്ന സംഭവങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. രാസലഹരിക്ക് അടിമയായ ഒരു ചെറുപ്പക്കാരൻ വൈലത്തൂരിൽ വലിയുപ്പാനെയും വലിയുമ്മാനെയുമാണ് കഴുത്തറുത്ത് കൊന്നത് താങ്കൾ ഓർക്കുന്നില്ലെ? താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ഒരു കോളേജ് വിദ്യാർത്ഥി തൻ്റെ ഉമ്മയെ വെട്ടിക്കൊന്നതും നാം കേട്ടതല്ലെ? വെഞ്ഞാറമൂടിൽ ''ഭ്രാന്ത്" മൂത്ത് വലിയുമ്മാനെയും മൂതാപ്പാനെയും മൂത്തമ്മാനെയും അനിയനെയും പ്രണയിനിയേയും മാരകമാംവിധം തലക്കടിച്ച് കൊന്നതും ഉമ്മ ആയുസ്സിൻ്റെ ദൈർഘ്യം കൊണ്ട് രക്ഷപ്പെട്ടതും കേരളത്തെ ഞെട്ടിച്ച സംഭവമല്ലെ?

advertisement

മലയാള മനോരമ പത്രത്തിൽ അഞ്ചാറ് മാസത്തിനിടയിൽ മലബാറിൽ നടന്ന മയക്ക് മരുന്നു കേസുകളിൽ പിടിക്കപ്പെട്ട 200 കേസുകൾ ഞാൻ പരിശോധിച്ചു. അതിൽ 61% വും മുസ്ലിം പേരുള്ളവരാണ്. അധികവും മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ. ജനസംഖ്യയുടെ മുസ്ലിം അനുപാതത്തിൻ്റെ പ്രാതിനിധ്യ തുലാസിലിട്ട് തൂക്കിനോക്കി ആരാണ് കൂടുതൽ എന്നു വാദിക്കാൻ ഇത് ജോലി സംവരണം പോലെ ഉറപ്പു വരുത്തേണ്ടതല്ലല്ലോ? ലഹരിക്കടത്തിൽ പിടിക്കപ്പെടുന്ന മുസ്ലിം പേരുള്ള പ്രതികളിൽ 99%-വും ചെറുപ്പത്തിൽ മതപഠനം കിട്ടിയവരാണെന്നാണ് എൻ്റെ അന്വേഷണത്തിൽ മനസ്സിലായത്.

advertisement

എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികൾ ഒത്തു ചേർന്ന ഒരു യോഗത്തിൽ തീർത്തും സദുദ്ദേശത്തോടെ ചില കാര്യങ്ങൾ ഉണർത്തിയത്. ആ പ്രസംഗം ഞാനല്ല പുറത്തുവിട്ടത്. ആരെങ്കിലും അത് പുറത്തുവിടും എന്ന നിലക്കുമല്ല ഞാനത് ഒരു ക്ലോസ്ഡോർ മീറ്റിംഗിൽ അഭിപ്രായപ്പെട്ടത്. പുറത്തു വിട്ടതിൽ എനിക്ക് സന്തോഷമേയുള്ളൂ. വിവേകികളുടെ മനസ്സിലെങ്കിലും ക്രിയാത്മകമായ ആലോചനകൾ ഉടലെടുത്താൽ അതിലും വലിയ ഒരു നൻമ വേറെയില്ലല്ലോ? വ്യക്തിപരമായി എന്നെ ഞാനാക്കിയതിൽ മതപഠനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഞാൻ ഇന്നുവരെ മദ്യപിച്ചിട്ടില്ല. കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. ആരെയെങ്കിലും അലോസരപ്പെടുത്തുമാറ് ഒരാളോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഒരു സിഗരറ്റെങ്കിലും വലിച്ചതായി എൻ്റെ കോളേജ് കാല കൂട്ടുകാരനായ താങ്കളുടെ ഓർമ്മയിലുണ്ടോ? സാമ്പത്തിക കാര്യങ്ങളിലും അതീവ സൂക്ഷ്മത ചെറുപ്പം തൊട്ടേ പുലർത്തിയിട്ടുണ്ട്. ഒരാളുടെ കയ്യിൽ നിന്നും പണം കടം വാങ്ങി കൊടുക്കാത്ത സംഭവമോ, ആരെയെങ്കിലും സാമ്പത്തികമായി പറ്റിച്ച ഏർപ്പാടോ, വിദ്യർത്ഥി യൂണിയൻ പ്രവർത്തനത്തിന് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ യൂണിയൻ ഫണ്ടിൽ നിന്ന് പത്തു പൈസ ഒരു നാരങ്ങാ വെള്ളം കുടിക്കാൻ ചെലവിട്ടതായോ താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂ. നടക്കുകയാണെങ്കിൽ ഇതൊക്കെ നടക്കേണ്ട സമയമല്ലേ നമ്മുടെ കോളേജ് കാലം.

advertisement

എൻ്റെ വീട്ടിൽ നിന്നും മദ്രസ്സയിൽ നിന്നും എനിക്ക് കിട്ടിയ ശിക്ഷണമാണ് എന്നെയും താങ്കളെയും മററു പലരെയും തെറ്റായ വഴികളിൽ നിന്ന് അകറ്റിയത്. സമാനമായ സാഹചര്യം പുതിയ കാലത്ത് കാണുന്നില്ലെന്ന മനോവേദനയാണ് ഇഫ്താർ മീറ്റിൽ പങ്കുവെച്ചത്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് വമ്പൻ കേന്ദ്ര അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും സൂക്ഷ്മദർശിനിയുമായി വട്ടമിട്ട് പറന്നത്. ഒരു തരി സ്വർണ്ണമോ ഒരു രൂപയോ അനധികൃതമായി കണ്ടെത്താൻ കഴിയാതെ പോയത് എനിക്ക് കിട്ടിയ മതവിദ്യാഭ്യാസത്തിൻ്റെ കൂടി പിൻബലത്തിലാണ്. 100% ശുദ്ധനാണ് ഞാനെന്നല്ല പറയുന്നത്. തീർച്ചയായും തെറ്റുകൾ പറ്റിയുണ്ട്. അതിൽ പടച്ചവനോട് ക്ഷമാപണവും നടത്തുന്നുണ്ട്. പക്ഷെ ഒരാളെയും ചൂഷണം ചെയ്യുകയോ, സാമ്പത്തികമായി പറ്റിക്കുകയോ, ആരുടെയെങ്കിലും അവകാശം കവർന്നെടുക്കുകയോ, അന്യായമായി ഏതെങ്കിലും വ്യക്തിയുടെ പൊരുത്തമില്ലാത്ത സ്വത്ത് വയറ്റിലാക്കുകയോ അനുഭവിക്കുകയോ ചെയ്ത ഒരു സംഭവവും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. മറിച്ചൊരഭിപ്രായം താങ്കൾക്കോ മറ്റാർക്കെങ്കിലുമോ കോളേജ് ജീവിത കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിൽ സവിനയം ചൂണ്ടിക്കാണിച്ചാലും!

പണത്തിൻ്റെ പുളപ്പും, ധാരാളിത്തവും, അടിച്ച് പൊളിക്കലും, ധൂർത്തൻ വിവാഹങ്ങളും, കോടികൾ മുടക്കിയുള്ള വീടു നിർമ്മാണങ്ങളും, വിലപിടിപ്പുള്ള വാഹനങ്ങളിലെ വിലസലും, ബൈക്കുകളുടെ സൈലൻസർ പൊട്ടിച്ചുള്ള മരണപ്പാച്ചിലും മുസ്ലിം കേന്ദ്രീകൃത മേഖലകളിൽ നാൾക്കുനാൾ കൂടി വരികയാണ്. മതവിദ്യാഭ്യാസം ഇതിനൊക്കെ തടയിടേണ്ടതല്ലേ? അതാണ് ഞാൻ ചൂണ്ടിക്കാണിച്ചത്. മത നേതാക്കൾക്കു മാത്രമേ ഇതിൽ നിന്ന് മുസ്ലിം സമുദായത്തെ രക്ഷപ്പെടുത്താൻ കഴിയൂ. അവരതിന് മുന്നിട്ടിറങ്ങണമെന്ന ആഗ്രഹമാണ് ഈ വിനീതൻ പ്രകടിപ്പിച്ചത്.

മദ്രസ്സാ വിദ്യാഭ്യാസം പരീക്ഷാ കേന്ദ്രീകൃതമായി മാറിയത് താങ്കളും ശ്രദ്ധിച്ചിട്ടുണ്ടാകും. ഡിസ്റ്റിംഗ്ഷനും ഫുൾ എ പ്ലസും റാങ്കുമൊക്കെ മത പഠനത്തിലേക്ക് കടന്ന് വന്നതോടെ ധാർമ്മിക മൂല്യങ്ങൾ സ്വയത്തമാക്കുന്നത് കുറഞ്ഞുപോയോ എന്ന സന്ദേഹമാണ് ഇഫ്താർ സന്ദേശത്തിൽ നിരീക്ഷിച്ചത്. അൺ- എയ്ഡഡ് സ്കൂളുകൾ വ്യാപകമായതോടെ നമ്മളൊക്കെ പഠിച്ച പരമ്പരാഗത മദ്രസ്സാ പഠനം, അത്തരം സ്കൂളുകളിലേക്ക് മാറിയതും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെ എന്ന എൻ്റെ സംശയം പ്രകടിപ്പിച്ചതിൽ എന്താണ് തെറ്റ്? സ്വസമുദായത്തിനകത്തെ അരുതായ്മകളും അനഭിലഷണീയ പ്രവണതകളും ചൂണ്ടിക്കാണിച്ചാൽ അതെങ്ങിനെ മഹാ പാപമാകും? കുരുടൻ

ആനയെ കണ്ടപോലെയല്ല രാസലഹരിയുടെ വ്യാപനത്തിൽ അഭിപ്രായം പറയേണ്ടത്. ഓരോരുത്തരും അവനവനിലേക്കും അവനവൻ്റെ കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കുക. പിശകുകൾ തിരുത്തുക. കാടടച്ച് വെടിവെച്ച് പോയിട്ട് കാര്യമില്ല. കൃത്യമായി പറഞ്ഞ് പോകണം. അത് സമുദായ അവഹേളനമല്ല. സമുദായവും സമൂഹവും നന്നാകണമെന്ന അടങ്ങാത്ത അഭിലാഷമാണ്. എൻ്റെ നിരീക്ഷണത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഒറ്റ ലഹരിക്കേസും ഒരു മുസ്ലിം പേരുകാരൻ്റെ പേരിൽ ചാർത്തപ്പെടാതിരുന്നാൽ അത് സമൂഹത്തിലെ എല്ലാവർക്കും പാഠമാകും.

സംഘികളും കൃസംഘികളും ആയുധമാക്കുമെന്നതിനാൽ നമ്മുടെ ഭാഗത്തുള്ള വേണ്ടാത്തരങ്ങൾ പറയാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്? ഖുർആനിൽ അങ്ങിനെയുണ്ടോ? തിരുനബിയുടെ ചര്യകളിൽ അങ്ങിനെയുണ്ടോ? എല്ലാവർക്കും മാതൃകയാകേണ്ട ഉത്തമ സമുദായമല്ലേ മുസ്ലിങ്ങൾ? ആ ഉത്തരവാദിത്തം സമുദായം ഒന്നിച്ച് നിർവ്വഹിക്കേണ്ട സമയമാണിത്. വൈകിയാൽ നമുക്ക് നമ്മുടെ മക്കളെ നഷ്ടമാകും. അതു സഹിക്കാൻ ഒരു രക്ഷിതാവെന്ന നിലയിൽ എനിക്കാവില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒന്നിൽ നിന്നേ നമുക്ക് എണ്ണിത്തുടങ്ങാനാകൂ. അങ്ങിനെ തുടങ്ങരുതെന്ന് ശാഠ്യം പിടിച്ചാൽ ഒരിക്കലും നമുക്ക് എണ്ണാനാവില്ല. ഇനിയും മാതാപിതാക്കൾ കൊലച്ചെയ്യപ്പെടാതിരിക്കാൻ അവനവനിൽ നിന്ന് എണ്ണിത്തുടങ്ങിയേ പറ്റൂ. അതൊരു അപരാധമാണെങ്കിൽ അതിൻ്റെ ശിക്ഷ ഞാനേറ്റു വാങ്ങാം. പൂർവ്വോപരി ശക്തിയോടെ വിസ്ഡം ഇഫ്താറിൽ ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. രാസലഹരി വിപത്തിനെതിരെ നമുക്കൊരുമിച്ച് പൊരുതാം. തീർത്തും എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പ്രസംഗത്തിലും എഴുത്തിലും പറഞ്ഞത്. ഇതിൽ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ യാതൊരു പങ്കുമില്ല. വെറുതെ ആ പാവങ്ങളുടെ മെക്കട്ട് കയറരുത്. പ്ലീസ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംഘികളും കൃസംഘികളും ആയുധമാക്കുമെന്നതിനാൽ നമ്മുടെ ഭാഗത്തെ തെറ്റുകൾ പറയാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്? കെ.ടി ജലീൽ
Open in App
Home
Video
Impact Shorts
Web Stories