വെള്ളിയാഴ്ചയാണ് തിരുനെൽവേലി സ്വദേശികളും ബെംഗളൂരുവിൽ ഐടി ജീവനക്കാരുമായ വിഘ്നേഷും ഭാര്യ സന്ധ്യയും പൊന്മുടി ഗോൾഡൻപീക്ക് ഹോട്ടലിൽ മുറിയെടുത്തത്. 8 മാസം ഗർഭിണിയായിരുന്ന സന്ധ്യക്ക് രാത്രി പത്തേമുക്കാലോടെ പ്രസവവേദനയുണ്ടായി. വിഘ്നേഷ് ജീവനക്കാരെ വിവരമറിയിച്ചു. അടുത്തെങ്ങും ആശുപത്രിയില്ല എന്നറിഞ്ഞതോടെ കാർ ഓടിക്കാനാവാത്ത തളര്‍ന്ന അവസ്ഥയിലായി വിഘ്നേഷ്.
ഇതും വായിക്കുക: ഹീറോ! ശബരിമല തീർത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ടപ്പോൾ ജീപ്പുകൊണ്ട് സാഹസികമായി 105 ജീവൻ രക്ഷിച്ച ടി ജെ കരിമ്പനാല്‍ ഇനി ഓർമ
advertisement
ഹോട്ടലിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ ഷൈമണും വിഷ്ണുവും സെക്യൂരിറ്റി പ്രദീപ് കുമാറും ഇവരെയും കയറ്റി കാറിൽ കുന്നിറങ്ങി. ഹെയർപിൻ വളവുകൾ നിറഞ്ഞ പൊന്മുടിയിറങ്ങി രാത്രി 11.30 ഓടെ വിതുര ഗവ. ആശുപത്രിയിലെത്തി. ഇവിടെനിന്ന് പ്രാഥമികചികിത്സ നൽകി നഴ്‌സിനെയും കൂട്ടി ആംബുലൻസ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലേക്കു പാഞ്ഞു. അവിടെവെച്ച് രാത്രി ഒന്നരയോടെ സന്ധ്യ ആൺകുഞ്ഞിനെ പ്രസവിച്ചു.
മാസം തികയാത്ത പ്രസവമായതിനാൽ കുഞ്ഞിന് ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായി. ഇതോടെ ഇവിടെനിന്ന് മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം എസ്എടിയിൽ എത്തിക്കേണ്ടിവന്നു. വെളുപ്പിന് 3 മണിയോടെ ഇവിടെയെത്തിയപ്പോഴും കെടിഡിസി ജീവനക്കാർ ഒപ്പമുണ്ടായിരുന്നു. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ ആരോഗ്യനില ശനിയാഴ്ച ഉച്ചയോടെ മെച്ചപ്പെട്ടു.
അമ്മയ്ക്കൊപ്പം വാർഡിലേക്ക് മാറ്റിയ കുഞ്ഞിന് വിഘ്നേഷാണ് 'ചക്രവർത്തി' എന്നു പേരിട്ടത്. കുഞ്ഞിനു പേരിട്ട വിവരവും ആദ്യം വിഘ്നേഷ് വിളിച്ചറിയിച്ചതും രക്ഷകരായി ഒപ്പംനിന്ന കെടിഡിസി ജീവനക്കാരെയാണ്. രണ്ടു ദിവസത്തിനകം ഇവർ തിരുനെൽവേലിയിലേക്ക് മടങ്ങും. ചക്രവർത്തിയെയും കൂടി പിന്നീടൊരിക്കല്‍ പൊന്മുടിയിലെത്താമെന്ന് ഉറപ്പുനൽകിയാണ് മടക്കം.

